വിവാഹമോചനത്തെക്കുറിച്ചുള്ള പത്ത് വേദപുസ്തക സത്യങ്ങൾ
വിവാഹമോചനത്തെക്കുറിച്ചുള്ള പുതിയനിയമ ഉപദേശത്തിന്റെ ഒരു സംഗ്രഹം.
മലാഖി പ്രവാചകന്റെ പുസ്‌തകത്തിൽ ദൈവം വിവാഹമോചനത്തെ വെറുക്കുകയും വിവാഹത്തിൽ വിശ്വസ്തരായിരിക്കാൻ എല്ലാവരേയും പ്രബോധിപ്പിക്കുകയും ചെയ്യുന്നതായി നാം വായിക്കുന്നു (മലാഖി 2:13-16). പഴയ നിയമത്തിലെ ഇസ്രായേൽ രാജ്യമായാലും പുതിയ നിയമത്തിലെ ദൈവസഭയായാലും വിവാഹമോചനത്തോടുള്ള ദൈവത്തിന്റെ മനോഭാവം സ്പഷ്ടമായിട്ടു ഈ വാക്യത്തിൽ അവൻ വ്യക്തമാക്കിയിട്ടുണ്ട് (മലാഖി 2:16). അക്കാലത്ത് ഇസ്രായേൽ ജനതയെ അവരുടെ കപടഭക്തിയിൽ നിന്ന് ഉണർത്തുവാനായിട്ടു മലാഖി പ്രവാചകനെ യഹോവ അയച്ചപ്പോൾ, അവർ തങ്ങളുടെ യഹൂദ ഭാര്യമാരെ വിവാഹമോചനം ചെയ്യുകയും അവിശ്വാസികളായ കനാന്യ സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യുക പതിവായിരുന്നു (മലാഖി 2:11, 14).
രണ്ട് സാഹചര്യങ്ങളിലും, ഉടമ്പടി സമൂഹത്തിന് പുറത്തുള്ള അവിശ്വാസികളുമായുള്ള മിശ്രവിവാഹം കഴിക്കുമ്പോഴും അവരുടെ യഹൂദ ഭാര്യമാരെ വിവാഹമോചനം ചെയ്യുമ്പോഴും, അവർ യഹോവയ്ക്ക് കപട ആരാധന അർപ്പിക്കുന്നതായി നാം കാണുന്നു (മലാഖി 2:13). എന്നാൽ അവരോട് ഒരു ദൈവപ്രസാദവും കാണിക്കാൻ യഹോവ വിസമ്മതിച്ചു. മലാഖി 2:13-14-ൽ, തങ്ങളുടെ ജീവിത പങ്കാളികളോട് വിശ്വസ്തരല്ലാത്തപ്പോൾ അവരുടെ പ്രാർത്ഥനകളും വഴിപാടുകളും താൻ കേൾക്കുകയില്ലെന്നു യഹോവ വ്യക്തമായി അരുളിച്ചെയ്യുന്നു (പുതിയ നിയമത്തിൽ 1 പത്രൊസ് 3:7 വായിക്കുക). തങ്ങളുടെ ഭാര്യമാരെ ദൈവം തന്ന കൂട്ടാളികളായി കണക്കാക്കുകയും അവരുടെ വിവാഹത്തെ ദൈവീകമായ ഒരു ഉടമ്പടി ബന്ധമായി ബഹുമാനിക്കുകയും ചെയ്യുന്നതിനുപകരം, അവർ അതിനെയെല്ലാം സൗകര്യപൂർവം ഇകഴ്ത്തിയെന്ന് പ്രവാചകനിലൂടെ ദൈവം അവർക്കെതിരെ സാക്ഷ്യം വഹിച്ചു.
അവിശ്വാസികളുമായുള്ള വിവാഹത്തിനും, യഹൂദ ഭാര്യമാരോടുള്ള വിവാഹമോചനത്തിനും എന്തുകൊണ്ടാണ് യഹോവ എതിർക്കുന്നതെന്നു മലാഖി 2:15-ൽ വിശദീകരിച്ചിരിക്കുന്നു. ഇവ രണ്ടിലൂടെയും ദൈവഭക്തരായ ഒരു സന്തതി ജനിക്കുന്നില്ല. മലാഖിയിലെ ഈ വാക്യം എബ്രായ ഭാഷയിൽ തന്നെ മനസ്സിലാക്കാൻ പ്രയാസമുള്ള ഒരു വാക്യമാണ്. "ദൈവം വാഗ്ദാനം ചെയ്ത സന്തതിയെ അവൻ അന്വേഷിച്ചു" എന്ന് മലയാളം ബൈബിളിൽ (OV BSI) വിവർത്തനം ചെയ്തിരിക്കുന്നത് ദൈവഭക്തരായ ഒരു സന്തതിയെ ദൈവം അന്വേഷിച്ചു എന്ന് വേണം നാം മനസ്സിലാക്കേണ്ടത്. ബഹുഭൂരിപക്ഷം ഇംഗ്ലീഷ് ബൈബിൾ വിവർത്തനങ്ങളും ഇങ്ങനെയാണ് ഈ വാക്യം തർജ്ജിമ ചെയ്തിരിക്കുന്നത്. അത് കൊണ്ട് തന്നെ മലയാളത്തിലുള്ള പുതിയ വിവർത്തനങ്ങൾ ഈ വേദഭാഗം "ഈ ഏകദൈവം എന്താണ് നിന്നിൽ അന്വേഷിക്കുന്നത്? ദൈവഹിതപ്രകാരമുള്ള ഒരു സന്തതിയെത്തന്നെ"(മലയാള സമകാലിക വിവർത്തനം MCV), "അവിടുന്ന് എന്താണ് ആഗ്രഹിക്കുന്നത് ദൈവഭക്തരായ സന്തതികളെത്തന്നെ” (സമകാലിക ഭാഷാ പതിപ്പ് CV BSI) എന്നിങ്ങനെയാണ് തർജ്ജിമ ചെയ്തിരിക്കുന്നത്. എബ്രായ ഭാഷയിൽ ഈ വാക്യത്തിന്റെ തുടക്കം അക്ഷരാർത്ഥത്തിൽ നാം വിവർത്തനം ചെയ്‌താൽ അത് "എന്നാൽ അവൻ ഒന്നല്ലെ സൃഷ്ടിച്ചത്, അവനു ആത്മാവിന്റെ ശേഷിപ്പും" എന്നാണ് വായിക്കുന്നത്. മലയാളം ബൈബിളിൽ ഇതിനെ "ലേശംപോലും സുബോധം ശേഷിച്ചിരുന്ന ഒരുത്തൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല" (OV) എന്ന് വിവർത്തനം ചെയ്തിരിക്കുന്നു. എന്നാൽ ഈ പശ്ചാത്തലത്തിൽ പ്രവാചകൻ വിവാഹ ഉടമ്പടിയിലൂടെ പുരുഷനും സ്ത്രീയും ഏകദേഹമായി തീരുന്നതിനെക്കുറിച്ചാണ് ചോദിക്കുന്നതെന്ന് നാം വ്യാഖ്യാനിക്കണം. വിവാഹ ഉടമ്പടിയിൽ കർത്താവ് തന്നെ തന്റെ ആത്മാവിനാൽ അവരെ ഏകശരീരമാക്കിയപ്പോൾ വിവാഹ ഉടമ്പടി ലംഘിക്കാൻ എങ്ങനെ അവർക്ക് കഴിയും? ഇതാണ് പ്രവാചകന്റെ ചോദ്യം. മാത്രമല്ല, അവിശ്വാസികളുമായുള്ള വിവാഹവും, യഹൂദ ഭാര്യമാരോടുള്ള വിവാഹമോചനവും ദൈവഭക്തിയുള്ള ഭവനങ്ങളെ പണിയുന്നതിനും ദൈവിക മക്കളെയും വളർത്തുന്നതിനും വളരെയധികം തടസ്സപ്പെടുത്തുന്നു. അതിനാൽ എല്ലാവരോടും വിവാഹബന്ധത്തിൽ ജാഗ്രത പാലിക്കാനും അവരുടെ ഭാര്യമാരോട് വിശ്വസ്തരായിരിക്കാനും പ്രവാചകൻ കൽപ്പിക്കുന്നു (മലാഖി 2:16).
പതിനാറാം വാക്യത്തിൽ പ്രവാചകൻ തന്റെ ദൂതിന്റെ മുഴുവൻ ആശയവും സംഗ്രഹിച്ചു പറയുന്നു: "ഞാൻ ഉപേക്ഷണം വെറുക്കുന്നു എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു" (മലാഖി 2:16). അതിനാൽ വിവാഹമോചനത്തിനെതിരെ ജാഗ്രത പുലർത്തണമെന്നുള്ള ഈ പ്രബോധനത്തിന്റെ അടിസ്ഥാനം വിവാഹമോചനത്തോട് ദൈവത്തിനുള്ള വെറുപ്പാണ്. വിവാഹമോചനം ചെയ്യുന്നവൻ "തന്റെ വസ്ത്രം സാഹസംകൊണ്ടു മൂടുന്നു" എന്ന് കർത്താവ് തുടർന്നു പറയുന്നു. ഇതൊരു എബ്രായ പദപ്രയോഗമാണ് കാരണം എബ്രായ ആചാരത്തിൽ ഒരു സ്ത്രീയെ ഒരുവന്റെ വസ്ത്രം കൊണ്ട് മൂടുന്നത് അവളെ തന്റെ ഭാര്യയായി സ്വീകരിക്കുന്നതിനെ സൂചിപ്പിക്കുന്നു (രൂത്ത് 3:9, യെഹേസ്. 16:8). നമ്മുടെ നാട്ടിലെ പുടവ അല്ലെങ്കിൽ മന്ത്രകോടി കൊടുക്കൽ സമ്പ്രദായവുമായി ഇതിനെ തുലനം ചെയ്യാം. അതിനാൽ വിവാഹമോചനം നേടുന്നവൻ തന്റെ വസ്ത്രം അക്രമം കൊണ്ട് മൂടുന്ന പോലെയാണ് കർത്താവ് വീക്ഷിക്കുന്നത്. ഈ അധ്യായത്തിൽ ഉടനീളം കാണുന്ന അതേ പ്രബോധനം ഒരിക്കൽ കൂടി പറഞ്ഞുകൊണ്ട് മലാഖി പ്രവാചകൻ ഈ വിഷയം അവസാനിപ്പിക്കുന്നു: നിങ്ങളുടെ ഉള്ളുകളെ സൂക്ഷിച്ചുകൊണ്ടു നിങ്ങളുടെ എല്ലാ ഉടമ്പടി ബന്ധങ്ങളിലും അവിശ്വസ്തത കാണിക്കാതിരിക്കുക. ദൈവം സംയോജിപ്പിച്ച ജീവിത പങ്കാളികളോട് നിങ്ങൾ വഞ്ചന കാണിക്കരുത്.
വിവാഹമോചനത്തിനെതിരെയുള്ള ദൈവത്തിന്റെ വ്യക്തമായ പ്രബോധനത്തിന്റെ വെളിച്ചത്തിൽ, പുതിയ നിയമത്തെ മുഴുവനായി പരിശോധിച്ചു വിവാഹമോചനത്തിന്റെ വിഷയത്തിൽ പുതിയ നിയമം വിശ്വാസികളെ പഠിപ്പിക്കുന്ന പത്ത് സത്യങ്ങൾ സംഗ്രഹിക്കുകയും ചെയ്യുന്നത് നല്ലതാണ്.
1. ദൈവം വിവാഹമോചനത്തെ വെറുക്കുകയും വിവാഹത്തിൽ വിശ്വസ്തരായിരിക്കാൻ എല്ലാവരെയും പ്രബോധിപ്പിക്കുകയും ചെയ്യുന്നു (മത്തായി 19:6, ലൂക്കോസ് 16:18, എബ്രായർ 13:4)
പഴയ നിയമത്തിലും പുതിയ നിയമത്തിലും വിവാഹമോചനത്തെ ദൈവം അംഗീകരിക്കുന്നില്ല. കാരണം തന്റെ ജനത്തിൽ ആരും വിവാഹമോചനം തേടുന്നത് ദൈവഹിതമല്ല. ഉപേക്ഷണം ഈ ലോകത്തിൽ സംഭവിക്കുന്നതും, ഇസ്രായേൽ മക്കളുടെ ഹൃദയകാഠിന്യം നിമിത്തം പഴയനിയമത്തിൽ അനുവദനീയമായതുമായിട്ടും, അത് ഒരിക്കലും ദൈവത്തിന്റെ പൂർണമായ ഹിതമായിരുന്നില്ല (മത്തായി 19:8). മത്തായി 19:6-ൽ, വിവാഹമോചനത്തിന്റെ ഉപദേശത്തെക്കുറിച്ച് പരീശന്മാരാൽ ചോദ്യം ചെയ്യപ്പെടുമ്പോൾ, യേശു വ്യക്തമായി ഊന്നി പറയുന്നു, "അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു". വേർപിരിക്കാൻ ശ്രമിച്ചാലും മനുഷ്യർക്ക് ലയിക്കാനാവാത്ത ഒന്നാണ് ഈ ബന്ധം. പുരുഷനും സ്ത്രീയും ഏക ദേഹമാകുന്ന ഈ ഐക്യം വിവാഹമോചനത്തിലൂടെ പിരിച്ചുവിടാൻ കഴിയുന്ന ഒന്നല്ല. അതിനാൽ, ലൂക്കോസ് 16:18-ൽ, വിവാഹമോചനം ചെയ്തിട്ടു പുനർവിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു എന്ന് യേശു പറയുന്നു. തന്റെ ആദ്യ ഇണയുമായുള്ള യഥാർത്ഥ ഏകദേഹ ഐക്യത്തെ ഒറ്റിക്കൊടുക്കുന്നതായിയാണ് വിവാഹമോചനത്തെ ഇവിടെ യേശു വ്യാഖ്യാനിക്കുന്നത്. എബ്രായർ 13:4 പറയുന്നു വിവാഹം എല്ലാവർക്കും മാന്യമായിരിക്കട്ടെ. അതായത് ലൈംഗീക പാപങ്ങളാകട്ടെ വിവാഹ മോചനമാകട്ടെ അവയെ എല്ലാം ഒഴിവാക്കി വിവാഹത്തിന്റെ പവിത്രതയെ നാം ബഹുമാനിക്കുകയും ഉയർത്തിപ്പിടിക്കുകയും ഈ ഉടമ്പടി ബന്ധത്തോടു നീതി പുലർത്തി നാം വിവാഹത്തിൽ വിശ്വസ്തരായിരിക്കുകയും വേണം. അങ്ങനെ പഴയതും പുതിയതുമായ നിയമങ്ങൾ ഒരേ സ്വരത്തിൽ ദൈവം വിവാഹമോചനത്തെ വെറുക്കുന്നുവെന്നും എല്ലാവരുടെയും ദാമ്പത്യത്തിൽ വിശ്വസ്തത വളരുവാൻ അവൻ ആഗ്രഹിക്കുന്നുവെന്നും ഉപദേശിക്കുന്നു.
2. വിവാഹം മരണപര്യന്തം അഭേദ്യമായ ഒരു ബന്ധമായതിനാൽ വിശ്വാസികൾ ഒരു സാഹചര്യത്തിലും വിവാഹമോചനം തേടേണ്ടതല്ല (1 കൊരിന്ത്യർ 7:10-11; റോമർ 7:2; 1 കൊരിന്ത്യർ 7:39)
വിവാഹ ഉടമ്പടി എന്നത് ദൈവികമായി ആരംഭിച്ച ഒരു കൂട്ടുകെട്ടാണ്. അത് വിവാഹമോചനത്തിലൂടെ വേർപിരിക്കുവാൻ കഴിയില്ല, പ്രത്യുത അത് ജീവിതപങ്കാളിയുടെ മരണം വരെ നീണ്ടുനിൽക്കുന്നു (റോമർ 7:2; 1 കൊരിന്ത്യർ 7:39). 1 കൊരിന്ത്യർ 7:10-11-ൽ പൗലോസ് വിവാഹിതർക്കുള്ള കർത്താവിന്റെ പൊതുവായുള്ള കൽപ്പന നൽകുന്നു - ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാരിൽ നിന്ന് വേർപിരിയരുത്, ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കരുത്. അതിനാൽ വിവാഹമോചനം ഒരു സാഹചര്യത്തിലും അന്വേഷിക്കാൻ അപ്പൊസ്തലൻ പ്രോത്സാഹിപ്പിക്കുന്നില്ല.
പക്ഷെ, പ്രൊട്ടസ്റ്റന്റ് നവോത്ഥാന സഭകളിൽ സംഭവിച്ചത് എന്തെന്നാൽ, മാർട്ടിൻ ലൂഥർ, ജോൺ കാൽവിൻ എന്നിവരെപ്പോലുള്ള പരിഷ്കർത്താക്കൾ പ്രമുഖ കത്തോലിക്കാ പണ്ഡിതനായ ഇറാസ്മസിനെ പിൻപറ്റി വിവാഹമോചനത്തെക്കുറിച്ചുള്ള ഇറാസ്മിയൻ വീക്ഷണം സ്വീകരിച്ചു എന്നതാണ്. ഇറാസ്മസ് വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും കത്തോലിക്കാ സഭയുടെ ഔദ്യോഗിക ഉപദേശത്തിനു വിരുദ്ധമായി ഒരു വീക്ഷണം വികസിപ്പിച്ചെടുത്തു. ജീവിതപങ്കാളികളിൽ ഒരാൾക്ക് മരണം സംഭവിക്കുമ്പോൾ മാത്രമല്ല, വിവാഹത്തിൽ ലൈംഗിക അവിശ്വസ്തത സംഭവിക്കുമ്പോഴും വിവാഹബന്ധത്തിലെ ഉടമ്പടി അഴിയുന്നു എന്ന് ഇറാസ്മസ് തിരുവെഴുത്തുകളിൽ നിന്ന് വാദിച്ചു. അങ്ങനെ, വിവാഹമോചനം തേടരുതെന്ന് പൗലോസ് ഇവിടെ നൽകിയ കൽപ്പനയ്ക്ക് വ്യഭിചാരം വേദപുസ്തക അടിസ്ഥാനത്തിലുള്ള ഒരു ഒഴിവാക്കലാണെന്നു അദ്ദേഹം വിശ്വസിച്ചു. ഈ വീക്ഷണം നവോത്ഥാന പരിഷ്കർത്താക്കൾ വേഗത്തിൽ സ്വീകരിക്കുകയും പിന്നീട് അത് പ്രധാന പ്രൊട്ടസ്റ്റന്റ് വിശ്വാസപ്രമാണങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്തു (ഉദാ. വെസ്റ്റമിൻസ്റ്റർ വിശ്വാസ പ്രമാണം, Westminster Confession of Faith Chap 24, para 5). അങ്ങനെ ഇന്ന് പല സുവിശേഷവിഹിത സഭകളും വിശ്വസിക്കുന്നത് ദൈവം വിവാഹമോചനത്തെ വെറുക്കുന്നുവെങ്കിലും അത് സാധാരണയായി തേടേണ്ടതല്ലെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിൽ അതായത് വിശ്വാസിയായ പങ്കാളി വ്യഭിചാരം ചെയ്താലോ (മത്തായി 19:9) അല്ലെങ്കിൽ അവിശ്വാസിയായ പങ്കാളി ഉപേക്ഷിച്ചാലോ (1 കൊരിന്ത്യർ 7:15) വിവാഹമോചനം തേടുവാൻ വചനപരമായി തന്നെ വ്യവസ്ഥയുണ്ട് എന്നാകുന്നു. എന്നാൽ ഈ ലേഖനത്തിൽ ഇനി മുന്നോട്ടു സൂചിപ്പിക്കുന്നത് പോലെ വിവാഹമോചനത്തെക്കുറിച്ചുള്ള ഉപദേശം മൊത്തമായി നിരീക്ഷിക്കുമ്പോഴും ഈ പ്രസ്തുത വാക്യങ്ങൾ എടുത്തു പരിശോധിക്കുമ്പോഴും നാം മനസ്സിലാക്കുന്നത് ഇറാസ്മിയൻ വീക്ഷണം തിരുവെഴുത്തുകളുടെ തെറ്റായ ഒരു വ്യാഖ്യാനമാണ്.
3. പരസംഗം യഹൂദ വിവാഹനിശ്ചയത്തിന്റെ പശ്ചാത്തലത്തിൽ മാത്രം വിവാഹമോചനത്തിനുള്ള വ്യവസ്ഥയാണ് (മത്തായി 19:9; മർക്കൊസ് 10:11-12, ലൂക്കോസ് 16:18, മത്തായി 1:18-19)
വിവാഹമോചനത്തെക്കുറിച്ചുള്ള യേശുവിന്റെ വാക്കുകൾ സംക്ഷിപ്ത സുവിശേഷങ്ങളിൽ (synoptic gospels) എങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു എന്ന് നാം പരിഗണിക്കുമ്പോൾ, "പരസംഗം നിമിത്തമല്ലാതെ" എന്ന ഒഴിവാക്കൽ വ്യവസ്ഥ മത്തായിയുടെ സുവിശേഷത്തിൽ മാത്രമേ കാണപ്പെടുന്നുള്ളൂ (മത്തായി 5:31-32; 19:9). മറ്റു രണ്ട് സംക്ഷിപ്ത സുവിശേഷങ്ങളും ഈ ഒഴിവാക്കൽ ഉപവാക്യം ഇല്ലാതെ "ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ എല്ലാം വ്യഭിചാരം ചെയ്യുന്നു; ഭർത്താവു ഉപേക്ഷിച്ചവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു" എന്ന് രേഖപ്പെടുത്തിരിക്കുന്നു (ലൂക്കോസ് 16:18; മർക്കൊസ് 10:11-12). സംക്ഷിപ്ത സുവിശേഷങ്ങൾ തമ്മിലുള്ള ഈ വ്യത്യാസത്തിന്റെ കാരണം നാം ഗ്രഹിക്കുമ്പോൾ മത്തായി ഈ ഒഴിവാക്കൽ വ്യവസ്ഥ ഉൾപ്പെടുത്തിയതെന്തു കൊണ്ടെന്നും ഇറാസ്മസ് പഠിപ്പിച്ചതുപോലെ അതിനു ഇന്ന് എന്തെങ്കിലും പ്രസ്കതി ഉണ്ടോയെന്നും നമുക്ക് മനസ്സിലാകും
“പരസംഗം നിമിത്തമല്ലാതെ” എന്നതുകൊണ്ട് യേശു എന്താണ് ഉദ്ദേശിച്ചത്? "പരസംഗം" എന്നതിന്റെ മൂലഭാഷയിലെ പദം വ്യഭിചാരത്തിന് ഉപയോഗിച്ചിരിക്കുന്ന പദത്തിൽ നിന്ന് വ്യത്യസ്തമാണെന്ന് നാം ഇവിടെ ഓർമ്മിക്കേണ്ടതുണ്ട്. യവനഭാഷയിൽ വ്യഭിചാരം എന്ന പദം μοιχάω (മൊയിഘാവോ) -യും , "പരസംഗം" എന്ന പദം πορνεία (പോർണിയ) -യുമാണ്. പോർണിയ എന്ന പദം എല്ലാ ലൈംഗീക പാപങ്ങളെയും സൂചിപ്പിക്കുന്ന ഒരു പൊതുപദമാണ് (ഉദാ. മത്തായി 15:19; യോഹന്നാൻ 8:41, യഹൂദന്മാർ യേശുവിനെ ജാരസന്തതി എന്ന് വിളിക്കാൻ ആഗ്രഹിച്ചപ്പോൾ അവർ ഉപയോഗിച്ചത് ഇതേ വാക്കാണ്).
എല്ലാ തരത്തിലുമുള്ള വിവാഹേതര ലൈംഗിക പ്രവർത്തികളെ പരാമർശിക്കാൻ ഉപയോഗിക്കുന്ന ഒരു പൊതുപദമാണ് പരസംഗം. എന്നാൽ വ്യഭിചാരം എന്നത് വിവാഹിതരുടെ വൈവാഹിക ബന്ധത്തിനെതിരായ ലൈംഗിക പാപങ്ങളെ മാത്രമേ സൂചിപ്പിക്കുന്നുള്ളൂ. പക്ഷെ പരസംഗം എന്ന പദം കൊണ്ട് വിവാഹം കഴിക്കാത്ത വ്യക്തികളുടെ വിവാഹത്തിനു മുമ്പുള്ള ലൈംഗിക പാപങ്ങളെയും സൂചിപ്പിക്കാം. യവനഭാഷയിൽ എല്ലാ വ്യഭിചാരവും ഒരുപോലെ പരസംഗമാണെങ്കിലും, എല്ലാ പരസംഗവും വ്യഭിചാരം ആയിരിക്കണമെന്നില്ല. ഇവിടെ നാം ചോദിക്കേണ്ട പ്രസക്തമായ ചോദ്യം വിവാഹമോചനത്തെ കുറിച്ച് സംസാരിക്കുമ്പോൾ വിവാഹിതരെ സംബന്ധിച്ചുള്ള ലൈംഗിക പാപങ്ങളെക്കുറിച്ചാണ് യേശു പരാമർശിക്കുന്നതെങ്കിൽ, എന്തുകൊണ്ടാണ് യേശു തന്റെ ഒഴിവാക്കൽ വ്യവസ്ഥയിൽ "വ്യഭിചാരം" എന്ന പ്രത്യേക വാക്ക് ഉപയോഗിക്കാതെ വിവാഹത്തിന് മുമ്പുള്ള ലൈംഗിക പാപങ്ങൾ പോലും ഉൾപ്പെടുന്ന ഈ പൊതുപദമായ "പരസംഗം" ഉപയോഗിച്ചത്?
പ്രധാനമായും യഹൂദർക്ക് വേണ്ടി എഴുതപ്പെട്ട മത്തായിയുടെ സുവിശേഷത്തിൽ മാത്രമാണ് ഈ ഒഴിവാക്കൽ ഉപവാക്യം വരുന്നതെന്നും ഒഴിവാക്കൽ വ്യവസ്ഥയിൽ ഉപയോഗിച്ചിരിക്കുന്ന പദം വ്യഭിചാരമല്ല, പരസംഗമാണെന്നുമുള്ള ഈ രണ്ട് വസ്തുതകളും കണക്കിലെടുക്കുമ്പോൾ യേശു ഇവിടെ പറഞ്ഞിരിക്കുന്നത് യഹൂദ വിവാഹനിശ്ചയത്തിലെ വിവാഹമോചനത്തിനുള്ള വ്യവസ്ഥയാണ് എന്ന് നാം മനസ്സിലാക്കണം. ഒരു യഹൂദ വിവാഹത്തിൽ വിവാഹനിശ്ചയം വളരെ ഗൗരവമുള്ളതായിരുന്നു. വിവാഹനിശ്ചയത്തിനു ശേഷം മറ്റൊരാളെ വിവാഹം കഴിക്കാൻ ഒരുവൻ ആഗ്രഹിക്കുന്നുവെങ്കിൽ ഉപേക്ഷണത്തിലൂടെ വിവാഹനിശ്ചയം വേർപിരിയേണ്ടി വരും.
യഹൂദ വിവാഹങ്ങളിൽ മാത്രമേ വിവാഹത്തിന് മുമ്പുള്ള ലൈംഗിക അവിശ്വസ്തതയുടെ പേരിൽ വിവാഹമോചനം ആവശ്യമായി വരുന്ന ഒരു സാഹചര്യം നാം കാണുന്നൊള്ളു. സാധാരണഗതിയിൽ, വിജാതീയർക്ക് വിവാഹത്തിനു മുമ്പുള്ള ലൈംഗിക അവിശ്വസ്തത നടക്കുമ്പോൾ വിവാഹനിശ്‌ചയത്തിൽ നിന്നും ആരും വിവാഹമോചനം ആവശ്യപ്പെടില്ല. വിജാതീയർക്ക് എഴുതിയ മാർക്കോസിന്റെയും ലൂക്കോസിന്റെയും സുവിശേഷങ്ങളിൽ പരസംഗത്തെ കുറിച്ചുള്ള ഈ ഒഴിവാക്കൽ ഉപവാക്യം ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് ഇത് വിശദീകരിക്കുന്നു. എന്നിരുന്നാലും, വിവാഹനിശ്ചയം കഴിഞ്ഞ ദമ്പതികൾ വിവാഹമോചനം തേടുന്നത് യഹൂദന്മാരുടെ ഇടയിൽ സംഭവിചിരുന്നു. മത്തായിയുടെ സുവിശേഷത്തിൽ തന്നെ നമുക്ക് ഇത് കാണാം. തനിക്കു വിവാഹനിശ്ചയം ചെയ്ത മറിയ ഗർഭിണിയായപ്പോൾ അവൾ പരസംഗം ചെയ്തുവെന്ന് ഭയന്ന് അവളെ "ഗൂഢമായി ഉപേക്ഷിപ്പാൻ" യോസേഫ് ഭാവിച്ചതായി നാം വായിക്കുന്നുണ്ട് (മത്തായി 1:18-19).
അതിനാൽ മത്തായി 19-ൽ യേശു യഹൂദന്മാരോട് പറയുന്നതു വിവാഹനിശ്ചയം ചെയ്ത വ്യക്തിയുടെ ലൈംഗിക അവിശ്വസ്തതയുടെ കാര്യത്തിലല്ലാതെ, നിങ്ങൾ വിവാഹിതരായിക്കഴിഞ്ഞാൽ നിങ്ങൾക്ക് വിവാഹമോചനം തേടാനാവില്ല. കാരണം ദാമ്പത്യത്തിൽ ഉടലെടുക്കുന്ന ഏകദേഹഐക്യം ഒരു മനുഷ്യനും ഇല്ലാതാക്കാൻ കഴിയാത്ത ദൈവത്തിന്റെ പ്രവൃത്തിയാണ്. വാസ്തവത്തിൽ, മത്തായി 19-ൽ, വിവാഹമോചനത്തെക്കുറിച്ച് പരീശന്മാർ യേശുവിനെ ചോദ്യം ചെയ്യുമ്പോൾ, അവന്റെ ആദ്യ ഉത്തരം അവരെ ഉല്പത്തി പുസ്തകത്തിലേക്ക് കൊണ്ടുപോകുകയും ഈ ഏകദേഹ ബന്ധത്തിന്റെ ശാശ്വതതയെ ചൂണ്ടിക്കാണിക്കുകയും ചെയ്യുക എന്നതാണ് (മത്തായി 19:3-6). അവർ അവനെ കൂടുതൽ ചോദ്യം ചെയ്യുമ്പോൾ മാത്രമാണ് അവൻ വിവാഹമോചനത്തെക്കുറിച്ചും ഈ ഒഴിവാക്കൽ വ്യവസ്ഥയെ കുറിച്ചും സംസാരിക്കുന്നത് (മത്തായി 19:7-9). മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവർ യേശുവിനെ കൂടുതൽ ചോദ്യം ചെയ്യാതെയിരുന്നെങ്കിൽ ഒരു ഒഴിവാക്കൽ വ്യവസ്ഥയുമില്ലാത്ത ആദ്യ ഉത്തരം അവന്റെ ഒരേയൊരു ഉത്തരം മാത്രമായിരുന്നേനെ. അതിനാൽ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വ്യഭിചാരം വിവാഹമോചനം തേടുന്നതിനുള്ള വചനപരമായ ഒരു വ്യവസ്ഥയല്ല.
4. ഭാര്യയെ ഉപേക്ഷിക്കുന്ന ഏതൊരു പുരുഷനും വ്യഭിചാരം ചെയ്യുന്നു, വിവാഹമോചിതയെ വിവാഹം കഴിക്കുന്ന ഏതൊരാളും വ്യഭിചാരം ചെയ്യുന്നു (മർക്കൊസ് 10:11-12; ലൂക്കോസ് 16:18)
ഏകദേഹബന്ധം സ്ഥാപിതമായിക്കഴിഞ്ഞാൽ പങ്കാളിയുടെ മരണപര്യന്തം വിവാഹമോചനമോ പുനർവിവാഹമോ ഇല്ല. ഒരു സിവിൽ കോടതിയിൽ നിയമപരമായി ബന്ധം അഴിക്കുവാൻ കഴിയുമെങ്കിലും, ഈ ഏകദേഹ ഐക്യം മനുഷ്യനു പിരിച്ചുവിടാൻ കഴിയില്ല. മരണത്തിലൂടെ അതിനെ ഇല്ലാതാക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ. അതിനാൽ വേർപിരിഞ്ഞ് മറ്റൊരാളെ പുനർവിവാഹം ചെയ്യുന്നത് ഒരാളുടെ യഥാർത്ഥ വൈവാഹിക ഉടമ്പടിക്കെതിരെയും മുൻ ഇണയുമായുള്ള ഏകദേഹ ഐക്യത്തിനും എതിരായ പാപമാകുന്നു. അതിനാൽ വിവാഹമോചനത്തിനു ശേഷമുള്ള പുനർവിവാഹത്തെ വ്യഭിചാരം എന്നാണ് യേശു വിളിക്കുന്നത് (മർക്കൊസ് 10:11-12; ലൂക്കോസ് 16:18).
ഈ നിലപാട് വളരെ കഠിനമായ ഉപദേശമാണെന്ന് പറയുന്നവരെല്ലാം മത്തായി 19:10 ശ്രദ്ധിക്കുക. യേശു ഈ സത്യം പഠിപ്പിക്കുന്നത് കേട്ടപ്പോൾ ശിഷ്യന്മാർ നൽകിയ മറുപടി ഇതാണ് - "ശിഷ്യന്മാർ അവനോടു: 'ഇതാണ് ഭാര്യാഭർത്തൃബന്ധത്തിന്റെ സ്ഥിതി എങ്കിൽ, വിവാഹം ചെയ്യാതിരിക്കുന്നതാണ് നല്ലത്' എന്നു പറഞ്ഞു" എന്നാൽ യേശു അവരോട് പറഞ്ഞതു, "വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല" (മത്തായി 19:11). അതായത് എല്ലാ മനുഷ്യർക്കും ഈ പ്രസ്താവന സ്വീകരിക്കാൻ കഴിയില്ല, അത് ഈ വിളി നൽകപ്പെട്ടവർക്ക് മാത്രമേ ഈ വ്യവസ്ഥ അംഗീകരിക്കുവാൻ കഴിയൂ. ദൈവം നിങ്ങളെ വിവാഹത്തിന് വിളിച്ചിട്ടുണ്ടെങ്കിൽ അവൻ മതിയായ കൃപ നൽകി ഈ ഉപദേശം സ്വീകരിക്കുവാനും എല്ലാ സാഹചര്യങ്ങളിലും വിവാഹമോചനം ഒഴിവാക്കുവാനും നിങ്ങൾക്ക് സാധിക്കും.
5. ഭാര്യാഭർത്താക്കന്മാർ വേർപിരിയുകയാണെങ്കിൽ, അവർ വിവാഹം കൂടാതെ തുടരുകയോ പരസ്പരം നിരന്നു കൊള്ളുകയോ ചെയ്യണം, വിവാഹമോചനം തേടരുത് (1 കൊരിന്ത്യർ 7:11)
ദാമ്പത്യ പ്രശ്‌നങ്ങൾ കാരണം ഭാര്യാഭർത്താക്കന്മാർ അകന്നു താമസിക്കുവാൻ തീരുമാനിച്ചാൽ, വിവാഹമോചനം തേടരുതെന്നാണ് പൗലോസിന്റെ പ്രബോധനം. വാസ്തവത്തിൽ, വിവാഹമോചനം തേടാതിരിക്കുക എന്നതാണ് ഈ വാക്യങ്ങളുടെ പ്രധാന ഉദ്ദേശ്യം (1 കൊരിന്ത്യർ 7:10-11). എന്നാൽ വേർപിരിയൽ സംഭവിച്ചിട്ടുണ്ടെങ്കിൽ, അവർ വിവാഹം കൂടാതെ തുടരുകയോ അനുരഞ്ജനത്തിലേർപ്പെടുകയോ ചെയ്യണമെന്ന് പൗലോസ് പറയുന്നു. പരസ്പരം നിരപ്പ് സാധ്യമല്ലെങ്കിൽ, വിവാഹമോചനവും പുനർവിവാഹവും പൗലോസ് നിർദ്ദേശിക്കുന്നില്ല, മറിച്ച് അവർ അവിവാഹിതരായി തുടരാനാണ് കല്പന.
ഈ പ്രബോധനത്തിന്റെ അടിസ്ഥാനപരമായ യുക്തി നാം ഇതുവരെ കണ്ടതിൽ കണ്ടെത്താം - വിവാഹ ഉടമ്പടിയിലെ ഏകദേഹ ഐക്യം മാനുഷികമായി അഭേദ്യമാണ്. സിവിൽ വിവാഹമോചനത്തിലൂടെയും പുനർവിവാഹത്തിലൂടെയും അതിനെ ലംഘിക്കുവാനുള്ള ഏതൊരു ശ്രമവും ദൈവത്തിന്റെ ദൃഷ്ടിയിൽ വ്യഭിചാരമല്ലാതെ മറ്റൊന്നുമാകയില്ല.
6. അവിശ്വാസിയെ വിവാഹം കഴിച്ചതിനുശേഷം കർത്താവിൽ രക്ഷ പ്രാപിച്ചവർ വിവാഹമോചനം തേടാതെ സമാധാനത്തോടെ ജീവിക്കാനാണ് പൗലോസ് പ്രബോധിപ്പിക്കുന്നത് (1 കൊരിന്ത്യർ 7:12-16)
ഒരു വ്യക്തി തന്റെ രക്ഷിക്കപെടാത്ത നാളുകളിൽ വിവാഹം കഴിക്കുകയും ശേഷം ക്രിസ്തുവിൽ വരുവാനും വളരെ സാദ്ധ്യമാണ്. അത്തരം വിവാഹങ്ങളുടെ കാര്യത്തിൽ അവരുടെ പങ്കാളികൾ അവിശ്വാസികളാണ് എന്ന കാരണം ചൊല്ലി വിവാഹമോചനം തേടാൻ പൗലോസ് ആരെയും പ്രോത്സാഹിപ്പിക്കുന്നില്ല. പകരം, അവിശ്വാസിയായ പങ്കാളി വിശ്വാസിയായ അവരോടൊപ്പം ജീവിക്കുവാൻ തയ്യാറാണെങ്കിൽ സമാധാനത്തോടെ ജീവിക്കുവാൻ പൗലോസ് അവരെ പ്രബോധിപ്പിക്കുന്നു. അവിശ്വാസിയായ പങ്കാളിക്കു വിശ്വാസിയുമായി പൊരുത്തപ്പെട്ടു ജീവിക്കുവാൻ മനസ്സുണ്ടെങ്കിൽ വിശ്വാസിയായ പങ്കാളി അവരോടു സമാധാനത്തോടെ ജീവിക്കണം. വിവാഹമോചനമോ വേർപിരിയലോ തേടരുത്. നിങ്ങളുടെ വിശുദ്ധിയുടെ സാക്ഷ്യത്തിലും ഊഷ്മളതയിലും നിങ്ങളുടെ കുടുംബം വളരട്ടെ.
7. അത്തരം പങ്കാളികളെ പ്രത്യേകിച്ച് ഭാര്യമാരെ വേർപിരിയുകയോ വിവാഹമോചനം നടത്തുകയോ ചെയ്യാതെ അവരുടെ ജീവിത സാക്ഷ്യം കൊണ്ട് അവിശ്വാസികളായ ഭർത്താക്കന്മാരെ നേടുവാൻ പത്രൊസ് പ്രബോധിപ്പിക്കുന്നു (1 പത്രൊസ് 3:1-2)
ദാമ്പത്യ ജീവിതത്തിൽ ദൈവം നിഷ്കർഷിക്കുന്ന കർത്തവ്യങ്ങളും ഉത്തരവാദിത്തങ്ങളും ഒരു ഭർത്താവോ ഭാര്യയോ വിശ്വസ്തമായി നിറവേറ്റുന്നതിലൂടെ അവിശ്വാസിയായ പങ്കാളിയെ വിശ്വാസത്തിലേക്ക് നേടുവാൻ കഴിയും. അതിനാൽ, അനുസരണക്കേട് കാണിക്കുന്ന ഭർത്താക്കന്മാരുള്ള ഭാര്യമാർ അവരുടെ കുടുംബത്തിന്റെ തലയായ ഭർത്താവിനോട് കീഴ്പ്പെടണമെന്നും തങ്ങളുടെ നിർമ്മലതയും മാന്യവുമായ പെരുമാറ്റത്തിലൂടെ അവരെ വിശ്വാസത്തിലേക്ക് നയിക്കണമെന്നും പത്രൊസ് പറയുന്നു (1 പത്രൊസ് 3:1-2). അവിശ്വാസിയായ പങ്കാളിയെ നേടേണ്ടത് "വാക്കുക്കൾ കൂടാതെ" ആകണമെന്ന് പത്രൊസ് വ്യക്തമാക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അത്തരം അവിശ്വാസികളായ പങ്കാളികളെ ക്രിസ്തുവിനു വേണ്ടി നേടെണ്ടത് ശല്യപ്പെടുത്തലിലൂടെയും പ്രസംഗത്തിലൂടെയും അല്ല, മറിച്ച് ദൈവവചനത്തിന് അനുസൃതമായി ശാന്തവും ചേതോഹരവുമായ പെരുമാറ്റത്തിലൂടെയാണ്. നമ്മുടെ വിഷയവുമായി ബന്ധപ്പെട്ട് ഇവിടെ പ്രസക്തമായ കാര്യം, ഒരുവന് അവിശ്വാസിയോ അനുസരണക്കേട് കാണിക്കുന്നതോ ആയ ഒരു പങ്കാളിയുണ്ടെങ്കിൽപ്പോലും, പുതിയ നിയമത്തിന്റെ രചയിതാക്കൾ വേർപിരിയലോ വിവാഹമോചനമോ തേടുവാൻ പ്രോത്സാഹിപ്പിക്കുന്നില്ല. പകരം ക്രിസ്തുവിനുവേണ്ടി അവരെ നേടുവാൻ ഒരു സാക്ഷിയെന്ന നിലയിൽ ഒരുവന്റെ ദാമ്പത്യ കർത്തവ്യങ്ങളും ഉത്തരവാദിത്തങ്ങളും നിറവേറ്റാനാണ് അവർ പ്രബോധിപ്പിക്കുന്നത്. കാരണം വിവാഹം എന്ന വ്യവസ്ഥ ദൈവം വിശ്വാസികൾക്ക് മാത്രം നൽകിയ ഒന്നല്ല, പ്രത്യുത എല്ലാ മനുഷ്യർക്കും ദൈവം നൽകിയതായതിനാൽ ഒരാളുടെ പങ്കാളി അവിശ്വാസിയാണെങ്കിൽപ്പോലും അവർ ഏക ദേഹമാകുന്നു. ദൈവവചനപ്രകാരം ആ ഉടമ്പടിയെ ബഹുമാനിക്കാൻ വിശ്വാസി തിരുവെഴുത്തുകളാൽ ബാദ്ധ്യസ്ഥനായിരിക്കുന്നു.
8. അവിശ്വാസിയായ പങ്കാളി വേർപിരിയാൻ നിർബന്ധിച്ചാൽ, വിശ്വാസി ഒരുമിച്ചു നിൽക്കാൻ ബാദ്ധ്യസ്ഥനല്ല, മറിച്ച് വിവാഹംകൂടാതെ പാർക്കേണം (1 കൊരിന്ത്യർ 7:15, 11)
അവിശ്വാസിയായ പങ്കാളി വേർപിരിയാൻ ആഗ്രഹിക്കുന്നു എങ്കിലോ? അത്തരം സന്ദർഭങ്ങളിൽ, വിശ്വാസി ഒരുമിച്ചു നിൽക്കാൻ ബാദ്ധ്യസ്ഥനല്ല, ദൈവം നമ്മെ സമാധാനത്തിലേക്ക് വിളിച്ചിരിക്കുന്നതിനാൽ അവരെ പോകാൻ അനുവദിക്കണമെന്ന് പൗലോസ് പറയുന്നു (1 കൊരിന്ത്യർ 7:15). ഇതിനർത്ഥം വിശ്വാസിയായ പങ്കാളിക്കു ഇപ്പോൾ വിവാഹമോചനം നേടാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണോ? ഭൂരിഭാഗം സുവിശേഷവിഹിത സഭകളും, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിലുള്ളവർ, അത് അങ്ങനെയാണെന്ന് അവകാശപ്പെടുന്നു. വ്യഭിചാരത്തിന്റെ വിഷയം കഴിഞ്ഞാൽ അവിശ്വാസിയായ പങ്കാളിയുടെ ഈ വേർപിരിയൽ വിഷയമാണ് വിവാഹമോചനം തേടുന്നതിന് വേദപുസ്തകം അനുവദിക്കുന്ന രണ്ടാമത്തെ ആധാരം എന്ന് ഇവർ വാദിക്കുന്നു. വിശ്വാസിയായ പങ്കാളി "ബദ്ധരായിരിക്കുന്നില്ല" എന്ന് പറഞ്ഞപ്പോൾ ഒരാൾക്ക് വിവാഹമോചനം തേടാമെന്നാണോ പൗലോസ് ഉദ്ദേശിച്ചത്? അത്തരമൊരു വ്യക്തി അവിശ്വാസിയുമായുള്ള വിവാഹ ഉടമ്പടിയിൽ ഇനി ബന്ധിതനല്ലെന്നാണോ പൗലോസ് ഉദ്ദേശിച്ചത്? നമുക്ക് തിരുവെഴുത്തുകൾ പരിശോധിക്കാം.
വിവാഹ ഉടമ്പടിയെ സൂചിപ്പിക്കാൻ പൗലോസ് സാധാരണയായി ഉപയോഗിക്കുന്ന ഭാഷയാണ് "ബന്ധിക്കപ്പെട്ടിരിക്കുന്നു" എന്നത് . ഭർത്താവ് ജീവിച്ചിരിക്കുന്നിടത്തോളം കാലം ഭാര്യ ഭർത്താവിനോട് നിയമത്താൽ ബന്ധിക്കപ്പെട്ടവളാണെന്ന് പൗലോസ് പറയുന്നു (റോമർ 7:2; 1 കൊരിന്ത്യർ 7:39) അതുപോലെ, ഒരു ഭർത്താവ് ഭാര്യയോട് ബന്ധിക്കപ്പെട്ടിരിക്കുന്നതിനാൽ അതിൽ നിന്ന് മോചിതനാകാൻ ശ്രമിക്കരുതെന്നും പറയുന്നു (1 കൊരിന്ത്യർ 7:27). എന്നിരുന്നാലും, ഇവിടെ പ്രസക്തമായ ഒരു നിരീക്ഷണം ചൂണ്ടികാണിക്കട്ടെ. ജീവിതപങ്കാളിയോട് ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് പൗലോസ് സൂചിപ്പിക്കുന്ന ഈ വാക്യങ്ങളിലെല്ലാം അദ്ദേഹം ഉപയോഗിക്കുന്ന പദം δέω (ദെയോ) എന്നതാണ്. എന്നാൽ 1 കൊരിന്ത്യർ 7:15-ൽ അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന പദം δουλόω (ദൂലോ) ആണ്. ഇത് സാധാരണയായി അടിമത്തത്തിൽ ആയിരിക്കുക എന്നാണ് അർത്ഥമാക്കുന്നത്. അതിനാൽ, അവിശ്വാസി വേർപിരിയാൻ നിർബന്ധിക്കുമ്പോൾ, അവനെ വിട്ടയയ്ക്കുക. അവർ പിരിയാതിരിക്കാനും അവരുമായി ഒരുമിച്ച് നിൽക്കാനും വിശ്വാസി ഒരു അടിമത്തത്തിനും കീഴിലല്ലെന്നാണ് പൗലോസ് ഇവിടെ പറയുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, തങ്ങളുടെ അവിശ്വാസിയായ പങ്കാളിയോട് കലഹിക്കാനും ഈ ബന്ധത്തിൽ നിലനിർത്താനും വിശ്വാസിയുടെ മേൽ യാതൊരു സമ്മർദ്ദവുമില്ല. അതിനാൽ അവർ പിരിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർ പോകട്ടെ. കാരണം, വിശ്വാസികൾ എന്ന നിലയിൽ നമ്മെ സമാധാനത്തിലേക്കാണ് ദൈവം വിളിച്ചിരിക്കുന്നതെന്ന് പൗലോസ് തുടർന്നു പറയുന്നു. അതിനാൽ അവിശ്വാസിയാൽ ഉപേക്ഷിക്കപ്പെട്ട വിശ്വാസിക്കു വിവാഹമോചനത്തിനും പുനർവിവാഹത്തിനും സ്വാതന്ത്ര്യമുണ്ടെന്ന് പൗലോസ് ഈ വാക്യത്തിൽ അർത്ഥമാക്കിയില്ല. അത് ഈ അധ്യായത്തിൽ താൻ പഠിപ്പിക്കുന്ന എല്ലാത്തിനും വിരുദ്ധമാണ്. അതായത് ഭാര്യയും ഭർത്താവും വേർപിരിഞ്ഞാൽ അവർ അവിവാഹിതരായിരിക്കുകയോ നിരന്നു കൊള്ളുകയോ ചെയ്യണം, വിവാഹമോചനം തേടരുത് എന്ന് താൻ നേരത്തെ പറഞ്ഞു കഴിഞ്ഞു (1 കൊരിന്ത്യർ 7:11). പകരം, വേർപിരിയാൻ ആഗ്രഹിക്കുന്ന അവിശ്വാസിയായ പങ്കാളിയോട് ഒരുമിച്ചു നിൽക്കാൻ വിശ്വാസി ബാധ്യസ്ഥനല്ലെന്നാണ് പൗലോസ് ഇവിടെ ഉദ്ദേശിച്ചത്.
9. വിധുരൻമാർക്കും വിധവകൾക്കും പുനർവിവാഹം ചെയ്യാൻ അനുവാദമുണ്ട്, എന്നാൽ കർത്താവിൽ മാത്രം (1 കൊരിന്ത്യർ 7:39)
നമ്മൾ ഇതുവരെ കണ്ടതുപോലെ, ഒരു വ്യക്തിയുടെ മരണത്തിലൂടെ മാത്രമേ ആ വിവാഹ ഉടമ്പടിയിലെ തന്റെ പങ്കാളിയുമായുള്ള ഏകദേഹ ഐക്യം ഇല്ലാതാകൂ. അതിനാൽ, വിധുരൻമാർക്കും വിധവകൾക്കും പുനർവിവാഹം കഴിക്കുവാൻ ആഗ്രഹമാണെങ്കിൽ അത് പരിഗണിക്കാനും കർത്താവിൽ അത് ചെയ്യാനും പൗലോസ് അനുവദിക്കുന്നുണ്ട് (1 കൊരിന്ത്യർ 7:39; 1 തിമൊഥെയൊസ് 5:11-14). കർത്താവിൽ മാത്രം എന്നത് വിശ്വാസികളെ മാത്രം വിവാഹം കഴിക്കുക എന്ന് സൂചിപ്പിക്കുന്നു. ഇവിടെ വിധുരൻമാർക്കും വിധവകൾക്കും പുനർവിവാഹം കൽപ്പിക്കപ്പെട്ടിട്ടില്ല, പകരം അനുവദനീയം മാത്രമാണ്. പുതിയ നിയമത്തിൽ പുനർവിവാഹത്തിനുള്ള ഒരേയൊരു അനുവാദം ഇവിടെ പറഞ്ഞിരിക്കുന്ന പോലെ ജീവിതപങ്കാളി മരണത്തിലൂടെ നഷ്ടപ്പെട്ടവരുടെ കാര്യത്തിൽ മാത്രമാണ്. മറ്റെല്ലാ സാഹചര്യങ്ങളിലും, പുനർവിവാഹം വ്യഭിചാരത്തിന് തുല്യമായിരിക്കും (മത്തായി 5:32; ലൂക്കോസ് 16:18; മർക്കൊസ് 10:11). അതിനാൽ വചനപരമായി പുനർവിവാഹം വിധുരൻമാർക്കും വിധവകൾക്കും മാത്രമേ ബാധകമാകൂ, വിവാഹമോചനം നേടിയവർക്കല്ല.
10. വിവാഹമോചനം പൊറുക്കാനാവാത്ത പാപമല്ല, മാനസാന്തരപ്പെട്ടാൽ ക്രിസ്തുവിൽ ക്ഷമ ലഭിക്കും (മർക്കൊസ് 3:28-29; മത്തായി 12:31-32)
അവസാനമായി, വിവാഹമോചനം പൊറുക്കാനാവാത്ത പാപമാണെന്ന് പുതിയ നിയമം ഒരിടത്തും പഠിപ്പിക്കുന്നില്ലെന്ന് നാം ഓർക്കണം. മർക്കോസ് 3:28-29, മത്തായി 12:31-32 എന്നീ വാക്യങ്ങളിൽ കർത്താവായ യേശു സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കുമെന്നും, മനുഷ്യപുത്രനെതിരെയുള്ള ദൂഷണം പോലും ക്ഷമിക്കപ്പെടാമെന്നും പറയുന്നു. എന്നാൽ കർത്താവ് ക്ഷമിക്കാത്ത ഒരേയൊരു പാപം പരിശുദ്ധാത്മാവിന്റെ നേരെയുള്ള ദൂഷണമാണ്. പരിശുദ്ധാത്മാവിന്നു നേരെ ദൂഷണം പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല എന്ന് കർത്താവ് വ്യക്തമായി പറയുന്നു. കാരണം പാപബോധത്തിലൂടെ പാപമോചനം ഒരു വ്യക്തിയിൽ കൊണ്ടുവരുവാൻ ദൈവം ഉപയോഗിക്കുന്ന തന്റെ പരിശുദ്ധാത്മാവിനു എതിരെയാണ് അങ്ങനെയുള്ളവൻ പ്രവർത്തിക്കുന്നത്. അതിനാൽ ആത്മാവിനു നേരെ ദൂഷണം പറയുന്നവന് പാപക്ഷമ ലഭിക്കുക അസാദ്ധ്യമാണ്. എന്നാൽ വിവാഹമോചനം പൊറുക്കാനാവാത്ത പാപമായി വിശുദ്ധ വേദപുസ്തകത്തിൽ ഒരു ഭാഗത്തും രേഖപ്പെടുത്തിയിട്ടില്ല.
ഈ വസ്തുത ഇവിടെ ചൂണ്ടികാണിക്കുന്നതിന്റെ ചേതോവികാരം വിവാഹമോചനം എന്ന പാപം ചെയ്യുവാൻ ആരെയും പ്രോത്സാഹിപ്പിക്കുവാനല്ല. മറിച്ച് വിവാഹമോചനം എന്ന പാപം ചെയ്തവരോട് പരിശുദ്ധാത്മാവിന്നു നേരെ ദൂഷണം പറഞ്ഞവർ എന്ന മട്ടിൽ രൂക്ഷമായി പെരുമാറുന്ന ധാരാളം നിയമവാദികളും പരീശന്മാരും എല്ലാ വചനാധിഷ്ഠിത സഭകളിലും ഉള്ളതുകൊണ്ടാണ് ഈ വസ്തുത ഇവിടെ എടുത്തുപറയുന്നത്. ക്രിസ്തുവിലുള്ള പാപമോചനത്തിന്റെ ഒരു പ്രതീക്ഷക്കും വകയില്ലാത്തവരെ പോലെ വിവാഹമോചിതരെ നോക്കി കാണുന്ന പ്രവണത ശരിയല്ല. വിവാഹമോചനത്തിനെതിരായ തിരുവെഴുത്തുകളുടെ ഉപദേശം നാം വിശ്വസ്തതയോടെ ഉയർത്തിപ്പിടിക്കുമ്പോൾ തന്നെ നിയമവാദത്തിന്റെ മനോഭാവം ഒഴിവാക്കേണ്ടതാണ്.
യഹൂദന്മാർ വിവാഹമോചനം നേടുകയും വിജാതീയരായ അവിശ്വാസികളെ വിവാഹം കഴിക്കുകയും ചെയ്യുന്നതിനെതിരെയുള്ള തന്റെ വെറുപ്പ് "യെഹൂദാ ദ്രോഹംചെയ്തു; യിസ്രായേലിലും യെരൂശലേമിലും മ്ലേച്ഛത സംഭവിച്ചിരിക്കുന്നു" എന്ന് മലാഖി 2:11-ൽ കർത്താവ് പ്രകടിപ്പിച്ചപ്പോൾ ഉപയോഗിച്ചിരിക്കുന്ന "മ്ലേച്ഛത" എന്ന വാക്ക് സദൃശവാക്യങ്ങൾ 16:5-ലും കർത്താവ് ഉപയോഗിച്ചിട്ടുണ്ട്. മലയാളം ബൈബിളിൽ ഈ വാക്യം "ഗർവ്വമുള്ള ഏവനും യഹോവെക്കു വെറുപ്പു" എന്നാണെങ്കിലും അതിന്റെ മൂലഭാഷയിലെ അക്ഷരയീമായ വിവർത്തനം "ഹൃദയത്തിൽ അഹങ്കാരം കാണിക്കുന്ന ഏവനും യഹോവയ്ക്ക് മ്ലേച്ഛമാകുന്നു" എന്നാണ്. വിവാഹമോചനത്തിനെതിരായ ദൈവിക വെറുപ്പിനെക്കുറിച്ച് നാം കണിശമായി വാദിക്കുമ്പോൾ നമ്മുടെ ഹൃദയത്തിൽ ഗർവ്വം കടന്നുവരാതെ നോക്കണം കാരണം അതും കർത്താവിന് വിവാഹമോചനം പോലെ തന്നെ വെറുപ്പുളവാക്കുന്നതാണ്. അതുകൊണ്ട് ഈ വിഷയത്തെ നാം വളരെ വിനയത്തോടെ സമീപിക്കേണ്ടതാണ്.
നമ്മൾ ഇതുവരെ കണ്ട ഒമ്പത് സത്യങ്ങൾ വിവാഹമോചനം എന്ന പാപം ചെയ്തവർക്ക് നേരെ കല്ലെറിയുവാനുള്ള പ്രചോദനമല്ല. പകരം, വിവാഹമോചനത്തെക്കുറിച്ചുള്ള വചനപരമായ ഉപദേശത്തിന്റെ വെളിച്ചത്തിൽ മാനസാന്തരപ്പെടാൻ അവരെ പ്രോത്സാഹിപ്പിക്കുകയും, അവർ അങ്ങനെ മാനസാന്തരപ്പെടുകയാണെങ്കിൽ, ദൈവം ക്രിസ്തുവിൽ അവരോട് ക്ഷമിച്ചുവെന്ന് അവരോടൊപ്പം നാം വിശ്വസിക്കുകയും ചെയ്യണം. അതുകൊണ്ട് വിവാഹമോചനത്തെക്കുറിച്ചുള്ള ഈ സത്യങ്ങളൊന്നും നമ്മുടെ സഭകളിൽ നിയമവാദത്തിന്റെ പ്രവണതകൾ വളർത്തുവാനായി ഉപയോഗിക്കരുത്. വിവാഹം, വിവാഹമോചനം, പുനർവിവാഹം എന്നിവയെക്കുറിച്ചുള്ള പുതിയ നിയമത്തിന്റെ ഉപദേശം തീർച്ചയായും കഠിനമാണെങ്കിലും, ഈ വിഷയങ്ങളിൽ പാപം ചെയ്തവരോട് നാം കഠിനഹൃദയരാകരുത്. ഒരു വശത്ത്, നാം തിരുവെഴുത്തുകളുടെ മാനദണ്ഡങ്ങൾ കണിശമായി മുറുകെ പിടിക്കണം, എന്നാൽ മറുവശത്ത്, നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ ലഭ്യമായ കൃപയും ക്ഷമയും യഥാർത്ഥമായി അനുതപിക്കുന്ന എല്ലാ ഹൃദയങ്ങൾക്കും നിസ്സംശയം വാഗ്ദാനം ചെയുകയും വേണം. ആമേൻ.