ന്യായപ്രമാണത്തിന്റെ ഹൃദയ എഴുത്ത്: റോമർ 2 vs എബ്രായർ 8

ന്യായപ്രമാണത്തിന്റെ സ്വാഭാവിക ഹൃദയ എഴുത്തും പുതിയ ഉടമ്പടിയിലെ ഹൃദയ എഴുത്തും തമ്മിലുള്ള വ്യത്യാസം.

ന്യായപ്രമാണത്തിന്റെ ഹൃദയ എഴുത്ത്: റോമർ 2 vs എബ്രായർ 8

ചോദ്യം: റോമർ രണ്ടിൽ, ജാതികളുടെ ഹൃദയങ്ങളിൽ പോലും ന്യായപ്രമാണം എഴുതിയിട്ടുണ്ടെന്നും അങ്ങനെ അവരുടെ മനസ്സാക്ഷി അവരെ കുറ്റപ്പെടുത്തുകയോ പ്രതിവാദിക്കുകയോ ചെയ്യുന്നുവെന്നും അപ്പൊസ്തലൻ സൂചിപ്പിക്കുന്നു. അങ്ങനെയെങ്കിൽ, ഒരാൾ വീണ്ടും ജനിക്കുമ്പോൾ മാത്രമാണ് പുതിയ ഉടമ്പടിയുടെ ഒരു പ്രത്യേക അനുഗ്രഹമായി കർത്താവ് തന്റെ ന്യായപ്രമാണം അവരുടെ ഹൃദയങ്ങളിൽ എഴുതുന്നതെന്നു നാം വിശ്വസിക്കുന്നത് എന്തുകൊണ്ടാണ്?

ഈ ചോദ്യം ദൈവശാസ്ത്രപരമായ പിരിമുറുകത്തിന്റെ ഒരു ഉത്തമമാതൃകയാണ്. ഹൃദയത്തിലെ എഴുത്തപ്പെടുന്ന നിയമം സംബന്ധിച്ചു റോമർ രണ്ടും എബ്രായർ എട്ടും തമ്മിൽ അവയുടെ ഉദ്ദേശ്യത്തിലും വ്യാപ്തിയിലും വ്യത്യാസമുണ്ട്.

റോമർ 2:15-ൽ, പൗലോസ് ഒരു "സ്വാഭാവിക" നിയമത്തെ വിവരിക്കുന്നു. അതായത് മനുഷ്യരാശിയുടെ പാപത്തിലേക്കുള്ള വീഴ്ചയ്ക്കുശേഷം എല്ലാ മനുഷ്യരിലും അവശേഷിക്കുന്ന "സൃഷ്ടിയുടെ വെളിച്ചം" അല്ലെങ്കിൽ ഒരു ധാർമ്മിക ബോധമുണ്ട്. വ്യക്തികൾക്ക് ശരിയും തെറ്റും മനസ്സാക്ഷിയിലൂടെ മനസ്സിലാക്കാൻ ഇത് പര്യാപ്തമാണ്. പക്ഷേ പാപികളായ മനുഷ്യരെ അത് പ്രാഥമികമായി "ഒഴികഴിവില്ലാതെ" കുറ്റം വിധിക്കുകയെ ചെയ്യുന്നുള്ളൂ. അല്ലാതെ അവർക്ക് ദൈവത്തെ സ്നേഹിക്കാനും അനുസരിക്കാനുമുള്ള ശക്തിയോ ആഗ്രഹമോ അത് നൽകുന്നില്ല.

എന്നാൽ, പുതിയ ഉടമ്പടിയിലെ (യിരെമ്യാവ് 31:33, യെഹെസ്കേൽ 36:26-27, എബ്രായർ 8:8-12), "ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും" എന്ന 'ഹൃദയത്തിലെ എഴുത്ത്' മൂന്ന് തരത്തിൽ വ്യത്യസ്തമാണ്:

  1. ചായ്‌വ്: പുതിയ ഉടമ്പടി പ്രകാരം, ദൈവം നമുക്ക് നിയമങ്ങൾ വെളിവാക്കി തരുക മാത്രമല്ല ചെയ്യുന്നത്, അവൻ നമുക്ക് ഒരു "മാംസമായുള്ള ഹൃദയം" (യെഹെസ്കേൽ 36:26) കൂടെ നൽകുന്നതുകൊണ്ട് നാം യഥാർത്ഥത്തിൽ അവയെ പിന്തുടരാനും ആഗ്രഹിക്കുന്നു.
  2. ശക്തി: വീണ്ടും ജനനത്തിൽ പരിശുദ്ധാത്മാവിന്റെ അധിവാസം ഉൾപ്പെടുന്നു. പുതിയ ഉടമ്പടിയെ കുറിച്ച് കർത്താവ് പറയുന്നത്, "ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങൾ എന്റെ വിധികളെ പ്രമാണിച്ച് അനുഷ്ഠിക്കും" (യെഹെസ്കേൽ 36:27). ആയതിനാൽ, സ്വാഭാവിക മനസ്സാക്ഷിക്ക് ഇല്ലാത്ത അനുസരിക്കാനുള്ള അമാനുഷിക കഴിവും നമുക്ക് പുതിയ ഉടമ്പടിയിൽ ആത്മാവിനാൽ ലഭിക്കുന്നു.
  3. ബന്ധം: പുതിയ ഉടമ്പടിയിലെ ഹൃദയത്തിലെ എഴുത്ത് വ്യക്തിപരവും അനുരഞ്ജനപരവുമായ ഒരു ഉടമ്പടിബന്ധത്തിൽ ("ഞാൻ അവരുടെ ദൈവമായിരിക്കും") വേരൂന്നിയതാണ്. അതേസമയം റോമർ രണ്ടിലെ ഹൃദയ എഴുത്ത് എല്ലാ മനുഷ്യരാശിക്കും വേണ്ടിയുള്ള ഒരു പൊതു നീതിന്യായ മാനദണ്ഡമാണ്.

അടിസ്ഥാനപരമായി, ന്യായപ്രമാണത്തിന്റെ ഹൃദയ എഴുത്ത് സംബന്ധിച്ച് റോമർ രണ്ട് നമ്മെ ദൈവമുൻപാകെ കണക്കുപറയാൻ ബാദ്ധ്യതയുള്ളവരാക്കുന്ന ഒരു സാക്ഷിയെ വിവരിക്കുന്നു, എന്നാൽ പുതിയ ഉടമ്പടി നമ്മെ വിശുദ്ധരാക്കുന്ന ഒരു ആന്തരീക പരിവർത്തനത്തെ വിവരിക്കുന്നു.