ആദ്യം അനുസരണം, പിന്നെ ശുശ്രൂഷ
ദൈവത്തിന് തന്റെ സഭയിൽ വേണ്ടത് വെറും വോളന്റിയർമാരെയല്ല.
ആധാരം: എബ്രായർ 5:4-10
നമ്മുടെ ചുറ്റുമുള്ള മനുഷ്യർക്ക് എത്ര വലിയ ആവശ്യങ്ങളുണ്ടേലും, നമുക്ക് എത്ര ശ്രേഷ്ഠമായ വിളിയും, കൃപാവരങ്ങളും ഉണ്ടേലും, മനുഷ്യന് സ്വതവേ ശുശ്രൂഷയിൽ പ്രവേഷിക്കുവാനോ പ്രവർത്തിക്കാനോ കഴിയില്ല, അതിന് ദൈവനിയോഗം തന്നെ വേണം എന്ന് വചനം പഠിപ്പിക്കുന്നു (എബ്രായർ 5:4).
സർവ്വലോകരക്ഷിതാവായ ക്രിസ്തു പോലും അങ്ങനെ തന്നെയാണ് തന്റെ ശുശ്രൂഷയിൽ പ്രവേശിച്ചത് (എബ്രായർ 5:5-6). ദൈവനിയോഗം ലഭിപ്പാൻ ആവശ്യം വ്യക്തിപരമായ ജീവിതത്തിൽ ആ വിളിയോട് നീതി പുലർത്തുന്ന ഒരു നടപ്പാണ്. പുത്രനാണെങ്കിലും അനുസരണം പഠിച്ച് തികഞ്ഞവനായതിന് ശേഷമെ യേശു തന്റെ ശുശ്രൂഷയിൽ കടന്നൊള്ളു (എബ്രായർ 5:7-10).
നമ്മുടെ ജീവിതത്തിലെ ഭയഭക്തി കൊണ്ട് ഉളവാകുന്ന ദൈവപ്രസാദത്തിൽ നിന്നു ഉണരുന്നതാണ് യഥാർത്ഥ ശുശ്രൂഷ നിയോഗങ്ങൾ എന്ന് കർത്താവിന്റെ ഈ മാതൃക നമ്മെ പഠിപ്പിക്കുന്നു. വ്യക്തിപരമായ നടപ്പിൽ അനുസരണത്തിന്റെ അടിത്തറ പാകാത്തവർ ചെയ്തുകൂട്ടുന്ന ഒരു "ശുശ്രൂഷക്കും" അതിനാൽ ദൈവനിയോഗമില്ല എന്ന് നാം മനസ്സിലാക്കണം. അതോടൊപ്പം അനുസരണ ജീവിതത്തിന് ഒന്നാം സ്ഥാനം കൊടുക്കാതെ ശുശ്രൂഷയുടെ പേരിൽ സഭകൾ നടത്തുന്ന എല്ലാ പരക്കം പാച്ചിലിൽ നിന്നും മാറിയിരിക്കുകയും വേണം.
ദൈവത്തിന് വെറും വോളന്റിയർമാരെ അല്ല ആവശ്യം. പല സഭകൾക്കും അത് മതിയായിരിക്കും, പക്ഷേ ദൈവം അന്വേഷിക്കുന്നത് തങ്ങളുടെ ജീവിതംകൊണ്ട് സത്യനമസ്കാരികളായവരെയാണ് (യോഹന്നാൻ 4:23-24). ശുശ്രൂഷ വിളിയുള്ള പ്രിയപ്പെട്ടവരേ, നമുക്ക് ദൈവത്തെ ആരാധിക്കുകയും, അനുസരിക്കുകയും, അനുഗമിക്കുകയും ചെയുന്നവരാകുന്നതിൽ എപ്പോഴും ഊന്നൽ കൊടുക്കാം. ആമേൻ.