ആഭരണവിഷയം

തിരുവെഴുത്തുകൾ പഠിപ്പിക്കാത്ത കാര്യങ്ങളിൽ അനുസരണം ആവശ്യപ്പെടുന്നതിനെയാണ് നാം പാരമ്പര്യം എന്ന് വിളിക്കുന്നത്.

ആഭരണവിഷയം
Photo by Denny Müller / Unsplash

പുതിയ ഉടമ്പടിയിലെ സഹോദരിമാർ, കേശാലങ്കാരം, വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയാലുള്ള ബാഹ്യസൗന്ദര്യത്തെക്കാൾ അകത്തെ മനുഷ്യന്റെ വിശുദ്ധീകരണത്തിലൂടെ ഉളവാകുന്ന ആത്മീയ സൗന്ദര്യത്തെ വിലമതിച്ച പഴയകാല വിശുദ്ധ സ്ത്രീകളുടെ മാതൃക പിന്തുടരണമെന്ന് പുതിയ നിയമം പ്രബോധിപ്പിക്കുന്നു (1 പത്രൊസ് 3:3-5, 1 തിമൊഥെയൊസ് 2:9-10).

ഒരു ആത്മീയായ സ്ത്രീ തന്റെ സൗന്ദര്യബോധത്തിൽ ഒരു മുൻഗണനയായി പാലിക്കേണ്ട ഈ തത്ത്വത്തിനപ്പുറം, ബൈബിൾ വാസ്തവത്തിൽ സഹോദരിമാർ ആഭരണങ്ങൾ ധരിക്കരുതെന്നോ, അല്ലെങ്കിൽ മുടി ചീകുകയോ, മാന്യമായ വസ്ത്രം ധരിക്കുകയോ ചെയ്യരുതെന്നോ എന്ന രീതിയിൽ ഒരു കൽപ്പനയും നൽകുന്നില്ല. പണ്ടത്തെ വിശുദ്ധരുടെ കാര്യത്തിൽ പോലും, പൗലോസും പത്രോസും ഉദാഹരിക്കുന്ന യഹൂദ സ്ത്രീകൾ എല്ലാ ആഭരണങ്ങളും നീക്കം ചെയ്തിട്ടില്ലെന്ന് പഴയനിയമത്തിൽ നിന്ന് തന്നെ വ്യക്തമാണ് (ഉല്പത്തി 24:22, 30, 47, 53; പുറപ്പാട് 3:22; 25:1-7). മാത്രമല്ല, അക്ഷരാർത്ഥത്തിലും (ഉല്പത്തി 35:4, പുറപ്പാട് 33:4, യെശയ്യാ 3:18-23, മത്തായി 2:11, യാക്കോബ് 2:2) രൂപകമായും (യെശയ്യാ 61:10, യിരമ്യാവു 2:32, യെഹേസ്കേൽ 16:8-14, ഉത്തമഗീതം 4:9, വെളിപ്പാട് 21:2) തിരുവെഴുത്തുകൾ ആഭരണഭാഷയാൽ നിറഞ്ഞിരിക്കുന്നു. എല്ലാ ആഭരണങ്ങളും പാപകരമാണെങ്കിൽ, ദൈവം തന്റെ വിശുദ്ധ തിരുവെഴുത്തുകളിൽ ഈ ഭാഷ ഇത്രയധികം ഉപയോഗിക്കുമായിരുന്നില്ല. കൂടാതെ, പുരാവസ്തുഗവേഷകർ നൂറ്റാണ്ടുകളായി ഇസ്രായേൽ ദേശത്തുടനീളമുള്ള തങ്ങളുടെ ഖനനത്തിലൂടെ പുരാതന യഹൂദ ആഭരണങ്ങൾ കണ്ടെത്തുകയും അവ യഹൂദർ ആഭരണങ്ങൾ ഉപയോഗിച്ചതിന്റെ ഭൗതിക തെളിവുകളുമാകുന്നു.

എന്നിരുന്നാലും, കേരളത്തിലെ വേർപാട് സഭകൾ, സൗന്ദര്യബോധത്തിൽ കാത്തുസൂക്ഷിക്കേണ്ട ആത്മീയ മുൻഗണനയെക്കുറിച്ച് അപ്പൊസ്തലൻമാർ നൽകിയ ഈ ഒരു പ്രബോധനത്തെ എല്ലാ ആഭരണങ്ങളുടെയും ഒരു നിരോധനമാക്കി മാറ്റി. അപ്പൊസ്തലൻമാർ പൊന്നിനോട് ചേർത്ത് പറഞ്ഞ വസ്ത്രങ്ങളുടെയും, മുടിയുടെയും കാര്യത്തിൽ ഈ നിരോധനമില്ല. കൗതുകകരമായ ഒന്ന്, കേരളത്തിലെ ഈ വിശ്വാസികളുടെ അതേ സഭാവിഭാഗത്തിൽപ്പെട്ട ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ലോകമെമ്പാടുമുള്ള വിശ്വാസികൾ ആഭരണവിഷയത്തിൽ ഇതെ നിലപാട് സ്വീകരിക്കുന്നില്ല എന്നതാണ്. ഇനി കേരളത്തിലുള്ള ഏതെങ്കിലും ഒരു ശിഷ്യക്ക് എല്ലാ ആഭരണങ്ങളും ഉപേക്ഷിച്ച് ലളിതവും ഭക്തിയോടും കൂടി കർത്താവിനെ അനുഗമിക്കുവാൻ ആഗ്രഹമുണ്ടെങ്കിൽ അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. മേക്കപ്പിലും ആഭരണങ്ങളിലും അമിതമായി അഭിനിവേശമുള്ള ചില സ്ത്രീകൾക്ക് ശിഷ്യത്വത്തിന്റെ വളർച്ചയ്ക്ക് അത് അഭികാമ്യവുമാണ്. എന്നാൽ, എല്ലാ സ്ത്രീകളും നിർബന്ധമായി ഇത് പാലിക്കണം എന്ന് വാശി പിടിക്കുന്നത് വളരെ പ്രശ്നകരമാണ്.

സ്ത്രീകൾ എല്ലാ ആഭരണങ്ങളും നീക്കം ചെയ്യണമെന്നും അതിനുശേഷം മാത്രമേ അവരെ വെള്ളത്തിൽ സ്നാനം ചെയ്യാവൂ, കർത്തൃമേശയിൽ പങ്കെടുപ്പിക്കാവൂ, അല്ലെങ്കിൽ ഭൂതബാധയിൽ നിന്ന് മോചിപ്പിക്കാൻ കഴിയൂ എന്നൊക്കെ ആവശ്യപ്പെടുന്നത് വചന വിരുദ്ധമാണ്. ഉദാഹരണത്തിന്, ജലസ്നാനത്തിനായി ഒരു വിശ്വാസി സഹോദരി എല്ലാ ആഭരണങ്ങളും ഉപേക്ഷിക്കണമെന്ന് ഉപദേശിക്കുന്ന ഒരു വാക്യവും പുതിയ നിയമത്തിലില്ല. ജലസ്നാനത്തിന് പാലിക്കേണ്ട ഒരേയൊരു വ്യവസ്ഥ സത്യസുവിശേഷം പ്രസ്താവിക്കുന്ന, തന്റെ ക്രൂശ്മരണ-പുനരുത്ഥാനത്താൽ ലോകരക്ഷകനായ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസം മാത്രമാണ് (പ്രവൃത്തികൾ 8:12; 8:35-38). മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ശിഷ്യത്വത്തിലോ വിശുദ്ധീകരണത്തിലോ ഉള്ള വളർച്ച കണക്കിലെടുക്കാതെ, വീണ്ടും ജനിച്ച എല്ലാ വിശ്വാസികൾക്കും സ്നാനമേൽക്കാം (പ്രവൃത്തികൾ 18:8). സുവിശേഷ വചനം കൈക്കൊണ്ട എല്ലാ വിശ്വാസികളും സ്നാനമേൽക്കുകയും വേണം (പ്രവൃത്തികൾ 2:41).

തിരുവെഴുത്തുകൾ പഠിപ്പിക്കാത്ത കാര്യങ്ങളിൽ അനുസരണം അനുശാസിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നതിനെയാണ് നാം മനുഷ്യനിർമ്മിത പാരമ്പര്യം എന്ന് വിളിക്കുന്നത്. തിരുവെഴുത്തുകളേക്കാൾ പാരമ്പര്യത്തെ വിലമതിക്കുകയും ജനങ്ങളുടെ മനസ്സാക്ഷിയെ വചന വിരുദ്ധമായ ഭാരങ്ങളാൽ ബന്ധിപ്പിക്കുകയും ചെയ്യുന്നത് എല്ലായ്പ്പോഴും പാപമാണ്. ജലസ്നാനമേൽക്കാനുള്ള ഒരു പുതുവിശ്വാസിയുടെ അനുസരണത്തെ ഇത്തരം മനുഷ്യനിർമ്മിത പാരമ്പര്യങ്ങളാൽ തടസ്സപ്പെടുത്തുകയും താമസിപ്പിക്കുകയും ചെയുന്നത് മഹാപാതകമാണ്.

സത്യസുവിശേഷം പ്രസ്താവിക്കുന്ന പോലെ ക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രം സൗജന്യമായി ലഭിക്കുന്ന നീതികരണത്തേക്കാൾ പ്രവൃത്തികളിൽ അധിഷ്ഠിതമായ സ്വയനീതിയോടുള്ള ആഭിമുഖ്യം നിമിത്തമാണ് പല സഭകളും ഇവ്വണ്ണം പ്രവർത്തിക്കുന്നത്. ഇന്ന് കേരളത്തിലെ സഭകളെ നിരീക്ഷിക്കുകയാണെങ്കിൽ, പൊതുവെ അവർ ക്രിസ്തുകേന്ദ്രികൃത ആത്മീയതയെക്കാൾ പ്രവർത്തികളിൽ അധിഷ്ഠിതമായ സ്വയകേന്ദ്രികൃത നിയമവാദത്തിൽ പ്രശംസിക്കുന്നു. "വിശുദ്ധി"യുടെയും "അനുസരണ"ത്തിന്റെയും പേരിൽ ക്രിസ്തുവിലുള്ള വിശ്വാസവും വിശ്രമത്തെക്കാളും മനുഷ്യനിർമ്മിത കല്പനകളോടുള്ള അടിമത്വം പ്രസംഗിക്കുകയും അവ പാലിച്ച് ജഢത്തിൽ വൃഥാ സന്തോഷിക്കുയും ചെയ്യുന്നു. സ്ത്രീകളെ സ്നാനപ്പെടുത്തുന്നതിന് എല്ലാ ആഭരണങ്ങളും നീക്കം ചെയ്യേണ്ടത് ആവശ്യമാണ് എന്ന ഈ പാരമ്പര്യം അതിനാൽ ചിലർ വളരെ എളുപ്പത്തിൽ അപ്പൊസ്തോലിക ആത്മീയതയാണെന്ന് വിശ്വസിക്കുന്നു.

ഇത്തരം സഭകളിൽ പുതിയ വിശ്വാസികൾ സ്നാനമേൽക്കാൻ ചിലപ്പോൾ ഒരു വർഷം വരെ കാത്തിരിക്കേണ്ടി വരും. ഈ സഭകളിൽ സ്നാനമേൽക്കാനുള്ള അവകാശം ഒരു പുതുവിശ്വാസി പ്രവർത്തികളാൽ "സമ്പാദിക്കണം" എന്ന് സാരം. വചനം പറയുന്ന പോലെ വിശ്വാസത്താലുള്ള വീണ്ടും ജനനത്തെക്കാൾ സ്നാനത്തിനു 'എല്ലാ ആഭരണങ്ങളും ഉപേക്ഷിക്കുക' എന്നതു പോലുള്ള മാനുഷിക കല്പനകൾ പാലിച്ചു അവർ ആ "യോഗ്യത" നേടിയെടുക്കണം പോലും. പുതുവിശ്വാസികളുടെ ജീവിതത്തിൽ സ്നാനം പോലെ ഗൗരവമേറിയ ഒരു ദൈവീക കൽപ്പനയോടുള്ള അനുസരണം മാനുഷിക കല്പനകളാൽ കാലതാമസം വരുത്തുന്നതിന് ഈ സഭകളിലെ പാസ്റ്റർമാർ ദൈവത്തോട് ഉത്തരം പറയേണ്ടിവരും എന്ന് ഓർത്താൽ നന്ന്. അല്ലെങ്കിൽ, പൗലോസ് ഗലാത്യരോട് പറഞ്ഞതുപോലെ (ഗലാത്യർ 1:8-9) വചനം നിഷ്കർഷിക്കാത്ത കല്പനകൾ അടിച്ചേൽപ്പിച്ച് വിശ്വാസത്തിന്റെയും പ്രവൃത്തിയുടെയും ശപിക്കപ്പെട്ട മറ്റൊരു സുവിശേഷം പ്രസംഗിക്കുന്നു എന്ന നിന്ദ ഇത്തരം സഭകൾ ദൈവസന്നിധിയിൽ ചുമക്കേണ്ടി വരും. സുവിശേഷത്തിന്റെ നിർമ്മലത കാത്തു സൂക്ഷിക്കാതെ സ്വയനീതിയിൽ അഭയം കണ്ടെത്തിയതിനു, വരിക, നമുക്ക് ദൈവമുൻപാകെ ആത്മാർത്ഥമായി അനുതപിക്കാം.