എന്താണ് ഈ ദുഃഖവെള്ളിയാഴ്ച?
നമ്മുടെ മോക്ഷത്തിന് ആവശ്യമായതെല്ലാം ദൈവം തന്നെ നിറവേറ്റി കഴിഞ്ഞു.

എല്ലാ മനുഷ്യർക്കും അറിയാവുന്ന ഒരു സത്യമാണ് നാം ഒരു തെറ്റ് ചെയ്താൽ ആ കുറ്റത്തിന് ഒരു ശിക്ഷയുമുണ്ടെന്ന്. നല്ല നീതിന്യായവ്യവസ്ഥയുള്ള ഒരു രാജ്യത്തിൽ ആ ശിക്ഷയിൽ നിന്ന് നമ്മെ രക്ഷിക്കുവാൻ ഒരേയൊരു പോംവഴിയെയുള്ളു - ആ രാജ്യത്തിന്റെ പരമാധികാരി പൊതുമാപ്പ് നൽകി ശിക്ഷയിൽ നിന്ന് നമുക്ക് ഇളവ് നൽകുക. സർവ്വസൃഷ്ടിയുടെയും പരമോന്നത അധികരിയായ ദൈവവും മനുഷ്യനെ തന്റെ ശിക്ഷയിൽ നിന്ന് രക്ഷിക്കുവാൻ മെനഞ്ഞ പദ്ധതിയെയാണ് ദൈവവചനം "സുവിശേഷം" അല്ലെങ്കിൽ "സുവാർത്ത" എന്ന് വിളിക്കുന്നത്. ഈ രക്ഷാപദ്ധതിയുടെ ഏറ്റവും കാതലായ ദൈവപ്രവർത്തി നടന്ന ദിവസമാണ് ദുഃഖവെള്ളിയായി അനുസ്മരിക്കുന്നത്.
ആദ്യം, എന്താണ് മനുഷ്യന്റെ കുറ്റം? ദൈവവുമായി വ്യക്തിപരമായ ഒരു സ്നേഹബന്ധത്തിൽ ജീവിക്കുവാൻ വേണ്ടിയാണ് ദൈവം നമ്മെ സൃഷ്ടിച്ചത്. എന്നാൽ, അദ്യമനുഷ്യൻ തന്നെ അനുസരണക്കേടിലൂടെ ആ വ്യക്തിബന്ധം നഷ്ടപ്പെടുത്തി. മനുഷ്യരാശി മൊത്തം അങ്ങനെ ദൈവവുമായി വ്യക്തിബന്ധമില്ലാത്ത വെറും മതപരമായ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പുറകെ പോയി. ഇങ്ങനെ ദൈവം എന്ന വ്യക്തിയെ വിലമതിക്കാതെ സ്വന്തമോഹത്തിലും, അനുസരണക്കേടിലും നടക്കുന്നതാണ് നമ്മുടെ കുറ്റം. നാം ആരും പൂർണഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കുന്നില്ല. നമുക്ക് മതത്തിലൂടെ ദൈവത്തെ കൊണ്ട് നേടാവുന്ന പ്രയോജനങ്ങളിൽ താല്പര്യമുണ്ടായിരിക്കാം പക്ഷേ ദൈവം എന്ന വ്യക്തി മാത്രം വേണ്ട.
ദൈവം എന്ന വ്യക്തിയെ ഇങ്ങനെ നാം തുച്ഛീകരിക്കുന്നതിന് ഒരു നാൾ തന്റെ ക്രോധം കൊണ്ട് സകല മനുഷ്യരാശിയെയും വിധിക്കുവാൻ പരിപൂർണ്ണ നീതിമാനായ ദൈവം തീരുമാനിച്ചു. പക്ഷേ, സ്നേഹവാനും, ദയാലുവുമായ അതെ ദൈവം തന്നെ ഈ ദൺഡനത്തിൽ നിന്ന് നമുക്ക് ഒരു മോക്ഷം ലഭിക്കുവാൻ തന്റെ ഒരു രക്ഷാപ്രവർത്തിക്കും പദ്ധതിയിട്ടു.
എന്തായിരുന്നു ആ രക്ഷാപദ്ധതി? മനുഷ്യന് തന്റെ സൽപ്രവർത്തികൾ കൊണ്ട് ഒരിക്കലും നീക്കുവാൻ കഴിയാത്ത ദൈവക്രോധം ദൈവം തന്നെ ജഡാവതാരം സ്വീകരിച്ചു മനുഷ്യരാശിക്ക് പകരക്കാരനായി സഹിക്കുക. ആ ത്യാഗസമ്പൂർണമായ യാഗത്തിലൂടെ പരിപൂർണ്ണ രക്ഷ ലഭിക്കും എന്ന് വിശ്വസിക്കുന്ന ഏവർക്കും സൗജന്യമായി മാപ്പ് നൽകി എല്ലാ ദൈവശിക്ഷയിൽ നിന്നും ഇളവ് കൊടുത്ത് ദൈവവുമായി അവർക്ക് നഷ്ടപെട്ട വ്യക്തിപരമായ സ്നേഹബന്ധം പുനഃസ്ഥാപിക്കുക. ഇതായിരുന്നു ആ പദ്ധതി. അങ്ങനെ നമുക്ക് വേണ്ടി മനുഷ്യനായി അവതരിച്ച പുരുഷനാണ് യേശു. ഒരു തെറ്റുകുറ്റവുമില്ലാത്ത വിശുദ്ധനായ യേശുവിനെ ഒരു കുറ്റവാളിയെ പോലെ ക്രൂശീകരിച്ചപ്പോൾ മനുഷ്യർ അറിഞ്ഞില്ല ദൈവം നമ്മോടുള്ള തന്റെ ക്രോധം നമ്മുടെ പകരക്കാരനായി വന്ന രക്ഷകന്റെ മേൽ ചൊരിഞ്ഞ് നമ്മെ രക്ഷിക്കുവാനുള്ള തന്റെ പ്രവർത്തി ചെയ്യുകയായിരുന്നു എന്ന്.
ദുഃഖവെള്ളി വിളിച്ചു പറയുന്ന സന്തോഷ വാർത്ത ഇതാണ്. നമ്മുടെ മോക്ഷത്തിന് ആവശ്യമായതെല്ലാം ദൈവം തന്നെ നിറവേറ്റി കഴിഞ്ഞു. ദൈവക്രോധത്തിൽ നിന്നുള്ള ഇളവും, ദൈവത്തിന്റെ മാപ്പും പരിപ്പൂർണമായി നേടിയെടുക്കുന്ന യാഗം യേശു തന്നെ നമുക്ക് വേണ്ടി ആ ദുഃഖവെള്ളിയാഴ്ച ക്രൂശിൽ അർപ്പിച്ചതാൽ, ഇനി ഒരു യാഗവും, വഴിപാടും അർപ്പിച്ച് നമ്മുടെ സ്വന്തപ്രയത്നത്താൽ രക്ഷ നേടിയെടുക്കേണ്ട ബാധ്യത നമുക്കില്ല. പകരം, യേശുവിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവം പ്രവർത്തികൾ കൂടാതെ സൗജന്യമായി രക്ഷ നൽകുന്നു. അതിനാൽ പ്രിയ സുഹൃത്തേ, ദൈവം എന്ന വ്യക്തിയെ രുചിച്ചറിഞ്ഞ് ജീവിക്കുന്ന ധന്യമായ ഒരു ജീവിതം നയിക്കുവാൻ ഈ സൗജന്യ രക്ഷ പ്രാപിക്കുക. നമുക്ക് വേണ്ടി ക്രൂശിൽ യാഗമായ യേശുവിൽ ആ രക്ഷ ലഭിക്കും എന്ന് വിശ്വസിക്കുക.
"ദൈവത്തിനു പ്രസാദകരമായ യാഗവും സൗരഭ്യവാസനയായ വഴിപാടുമായി തന്റെ ജീവൻ നമുക്കു വേണ്ടി നൽകി ക്രിസ്തു നമ്മെ സ്നേഹിച്ചു" - എഫെസ്യർ 5:2.
"തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ആ പുത്രനെ യാഗമായി നല്കുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു" - യോഹന്നാൻ 3:16.