പ്രഹസനമായ ഉപവാസം

ഉപവാസ പ്രാർത്ഥന ഇന്ന് സ്വയത്തെ ഉയർത്താനുള്ള ഒരു പ്രോഗ്രാമാണ്.

പ്രഹസനമായ ഉപവാസം
Photo by Amaury Gutierrez / Unsplash

ഞാൻ അമേരിക്കയിൽ അവിടുത്തെ വെള്ളക്കാരുടെ സഭകളിൽ ശുശ്രൂഷിച്ചുപോന്നിരുന്ന കാലത്ത് ഉപവാസം പോയിട്ട് പ്രാർത്ഥന യോഗങ്ങൾ പോലും വിരളമായിരുന്നു. ഒരു സഭയിൽ ഞാൻ പാസ്റ്ററൽ ടീമിന്റെ ഭാഗമായി ചേർന്ന ദിവസം അവരുടെ മനോഹരമായ കെട്ടിടം, ഏക്കർ കണക്കിനുള്ള പൂന്തോട്ടം, മറ്റ് സൗകര്യങ്ങൾ എല്ലാം എന്നെ കാണിച്ച ശേഷം അവിടുത്തെ സീനിയർ പാസ്റ്റർ എന്നോട് പറഞ്ഞു, ഇനി എന്തെങ്കിലും ചോദ്യങ്ങൾ എനിക്ക് ഉണ്ടേൽ ചോദിക്കാം. ഞാൻ ചോദിച്ചു, നിങ്ങളുടെ പ്രാർത്ഥന മീറ്റിംഗ് എപ്പോഴാണ്? അദ്ദേഹം പറഞ്ഞു, അങ്ങനെ ഒരു പ്രാർത്ഥന യോഗം അവർക്കില്ല. പകരം ഞായർ വൈകുന്നേരത്തെ ആരാധനയുടെ അവസാനം ആരെങ്കിലും എന്തെങ്കിലും അപേക്ഷിച്ചാൽ അവർ അത് പ്രാർത്ഥിക്കും. പിൽക്കാലത്ത് എനിക്ക് മനസ്സിലായി ഇത് ഈ ഒരു സഭയുടെ മാത്രം ഗതിയല്ല, പൊതുവേ വെള്ളക്കാരുടെ എല്ലാ സുവിശേഷവിഹിത സഭകളുടെയും ഗതിയിങ്ങനെ ഒക്കെ തന്നെ.

തിരിച്ച് ഇന്ത്യയിൽ വന്നപ്പോൾ ഞാൻ അതീവ സന്തോഷവാനായി. എല്ലാ സഭകളിലും നല്ലപോലെ പ്രാർത്ഥനയുണ്ട്. ഉപവാസവുമുണ്ട്. എന്താ ഒരു തീ! അമേരിക്കയിലെ ജഡീകന്മാരുടെ സഭകളിൽ നിന്ന് എന്നെ രക്ഷിച്ച കർത്താവിനു ഞാൻ സ്തോത്രം കരേറ്റീ. എന്നാൽ, പോകെ പോകെ എനിക്ക് മനസ്സിലായി ഇവിടുത്തെ പ്രശ്നം അനാത്മികതയല്ല, അന്ധവിശ്വാസമാണ്. അത് കൊണ്ട് തന്നെ പലർക്കും പ്രാർത്ഥന ഒരു കർമ്മമാണ്. ഒരു പൂജയുടെ ഭാഗമായാൽ കർമ്മഫലമായി അനുഗ്രഹിക്കപ്പെടുമെന്ന് ജാതീയർ ചിന്തിക്കുന്ന പോലെ പലരും സഭയിൽ ഒരു പ്രാർത്ഥന കഴിച്ചാൽ, പ്രത്യേകിച്ച് ഒരു ഉപവാസ പ്രാർത്ഥനയിൽ പങ്കെടുത്താൽ, സ്വതവേ അത് അനുഗ്രഹത്തിൽ കലാശിക്കും എന്ന് വിശ്വസിക്കുന്നു. അങ്ങനെ ബൈബിളിൽ, വിശ്വാസത്തിന്റെ ആവിർഭാവമായ പ്രാർത്ഥന, ഇന്ന് ജഡത്തിന്റെ വെറുമൊരു കർമ്മമായി മാറിയിരിക്കുന്നു. അത് കൊണ്ട് തന്നെ ഉപവാസ പ്രാർത്ഥന ഇന്ന് സ്വയത്തെ ഉയർത്താനുള്ള ഒരു പ്രോഗ്രാമാണ്. പരിഹാസയോഗ്യമായ ഒരു കപടതയാണ്, അല്ലെങ്കിൽ ഒരു പ്രഹസനമാണ്.

തിരുവനന്തപുരത്ത് പരുത്തിപ്പാറ ജംഗ്ഷനിൽ ഞാൻ ഒരു ദിവസം പോയപ്പോൾ അവിടെ ഒരു കൂറ്റൻ പോസ്റ്റർ ഇരിക്കുന്നു. എവിടെയോ ഒരു ഉപവാസ പ്രാർത്ഥന നടക്കുന്നു. ആത്മീയ ഗോളത്തിലെ കുറെ സൂപ്പർസ്റ്റാറുകളുടെ പടങ്ങളുമുണ്ട് പോസ്റ്ററിൽ. കർത്താവ് നമ്മെ പഠിപ്പിച്ചത് തന്റെ ശിഷ്യന്മാർ രഹസ്യമായി ഉപവസിക്കണമെന്നാണ് (മത്തായി 6:16-18). ഇത് പോലെ ഉപവാസം പരസ്യം ചെയ്യാനൊന്നും കർത്താവ് പഠിപ്പിച്ചിട്ടില്ല. അപ്പൊസ്തലൻമാർ ഉപവസിച്ച് പ്രാർത്ഥിച്ചപ്പോൾ ഒരിക്കലും അത് പരസ്യം ചെയ്ത് ആളെ കൂട്ടിയതായിട്ട് നാം വായിക്കുന്നില്ല (പ്രവൃത്തികൾ 13:2-3; 14:23). സഭ ഒന്നായിട്ട് ഉപവസിക്കുമ്പോൾ അത് നാട്ടുകാരെ മൊത്തം അറിയിക്കേണ്ട ഒരാവശ്യവുമില്ല.

പിന്നീടുള്ള നൂറ്റാണ്ടുകളിൽ അപ്പൊസ്തോലിക വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ച് ക്രിസ്തുമതം സ്ഥാപിക്കപ്പെട്ടപ്പോൾ ഉപവാസം ഒരു ആചാരമായി. കർത്താവിന്റെ ഗിരി പ്രഭാഷണം മാറ്റിയിട്ട് യഹൂദമതം മാതൃകയായി നോക്കിയ പ്രാചീനസഭ ആഴ്ചയിൽ രണ്ടുതവണ നിർബന്ധമായി ഉപവസിക്കുന്ന യഹൂദ രീതി സ്വീകരിച്ചു. പക്ഷേ ആ രണ്ട് ദിവസങ്ങൾ ബുധനാഴ്ചകളിലേക്കും വെള്ളിയാഴ്ചകളിലേക്കും മാറ്റി. ഇന്നും കേരളത്തിലെ പല സഭകളും വെള്ളിയാഴ്ച ചടങ്ങുപോലെ ഉപവാസ ദിനമായി പാലിക്കുന്നത് ഈ പാരമ്പര്യത്തിന്റെ തുടർച്ചയാണ്.

പ്രതിവാരം ഒരു ദിവസം ചിട്ടയായി ദൈവസന്നിധിയിൽ ഇരുന്ന് ഉപവസിച്ച് പ്രാർത്ഥിക്കുവാൻ തീരുമാനിക്കുന്നതിൽ ഒരു തെറ്റുമില്ല. പക്ഷേ അത് വെറുമൊരു ചടങ്ങോ, ആചാരമോ ആയിപോകരുത്. സ്വന്തകാര്യലബ്ധിക്കു വേണ്ടിയുള്ള ഒരു ജഡീക കർമ്മമായി ഉപവാസത്തെ തരംതാഴ്ത്തുകയും അരുത്. പകരം, അത് കർത്താവിനു പ്രസാദമുള്ള ഉപവാസം പോലെ ആത്മതപനത്തിന്റെ ദിനമായിരിക്കട്ടെ. സ്വയത്തെക്കാളും കർത്താവിനെ സ്നേഹിക്കുന്നത് നിമിത്തം ഭക്ഷണം പോലും ഉപേക്ഷിച്ച് ദൈവസന്നിധിയിൽ ഇരിക്കുന്ന ഒരു ദിവസമായത് കൊണ്ടു തന്നെ ഉപവാസദിനം സ്വയത്തെക്കാളും മറ്റ് വ്യക്തികളെ സ്നേഹിക്കുന്ന ഒരു ദിവസമായിരിക്കണം. ഇതാണ് സെഖര്യാവു 7;8 അദ്ധ്യായങ്ങളിലും യെശയ്യാ 58ാം അദ്ധ്യായത്തിലും കർത്താവ് നമ്മെ പഠിപ്പിക്കുന്നത്.

പതിവായി ഉപവാസ പ്രാർത്ഥന നടത്തുന്ന സഭകൾ, ദയവായി അത് പരസ്യം ചെയ്യുന്നത് ആദ്യം നിർത്തുക. പിതാവ് മാത്രം കാണുന്ന രഹസ്യ പ്രാർത്ഥന കൂടുതൽ ശീലമാക്കുവാൻ വിശ്വാസികളെ പ്രബോധിക്കുക. സഭയായിട്ട് ഉപവസിക്കുമ്പോൾ, സ്വന്തകാര്യലബ്ധിയേക്കാൾ കൂടുതലും മദ്ധ്യസ്ഥ പ്രാർത്ഥനക്കായി, പ്രത്യേകിച്ച് ദൈവരാജ്യ സംബന്ധമായ വിഷയങ്ങൾ പ്രാർത്ഥിക്കുവാനായി, വിശ്വാസികളെ പ്രോത്സാഹിപ്പിക്കുക. സ്വാർത്ഥതയിൽ നിന്ന് വിടുവിച്ചു ആത്മതപനത്തിലൂടെ നമ്മിൽ താഴ്മയും സഹോദരസ്നേഹവും വളർത്തുന്ന ഒരു ശുശ്രൂഷയായിരിക്കട്ടെ ഉപവാസം.