വിശ്വാസികൾക്ക് രോഗം വരുവാനുള്ള 5 കാരണങ്ങൾ
സാധു കൊച്ചുകുഞ്ഞ് ഉപദേശി രേഖപ്പെടുത്തിയിരിക്കുന്ന അഞ്ചു വസ്തുതകൾ.
എല്ലാ രോഗങ്ങളും പൈശാചിക ബന്ധനങ്ങളാണെന്നും, കെട്ടാണെന്നും പറഞ്ഞു അന്ധവിശ്വാസം പരത്തുന്ന അനേകം ദുരുപദേഷ്ടാക്കന്മാർ ഇന്ന് നമ്മുടെ ഇടയിലുണ്ട്. എന്നാൽ, വേദപുസ്തകം പരിശോധിച്ചാൽ രോഗം വരുവാൻ പലവിധ കാരണങ്ങളുണ്ട് എന്ന് നാം മനസ്സിലാക്കും. ചില രോഗങ്ങൾ വ്യക്തിപരമായ പാപം നിമിത്തം വരുമ്പോൾ തന്നെ (യോഹന്നാൻ 5:14), എല്ലാ രോഗവും വ്യക്തിപരമായ പാപം നിമിത്തമല്ല എന്ന് കർത്താവ് തന്നെ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചിട്ടുണ്ട് (യോഹന്നാൻ 9:1-3).
സാധു കൊച്ചുകുഞ്ഞ് ഉപദേശി (1883-1945) വേദപുസ്തകാടിസ്ഥാനത്തിൽ വിശ്വാസികൾക്ക് രോഗം വരുവാനുള്ള കാരണങ്ങളായി രേഖപ്പെടുത്തിയിരിക്കുന്ന അഞ്ചു വസ്തുതകളെ നമുക്ക് ഒന്ന് ധ്യാനിക്കാം.
1. മരണഹേതുകമായുള്ള രോഗം (2 രാജാക്കന്മാർ 13:14)
ദീർഘനാളത്തെ തന്റെ പ്രവാചകശുശ്രൂഷയുടെ അന്ത്യത്തിൽ എലീശ രോഗബാധിതനായി മരണത്തോടു സമീപിച്ചു. തന്റെ മരണത്തിനു കാരണമായാണ് രോഗം വന്നത്. നമ്മുടെ ഇഹലോകവാസത്തിനും അന്ത്യം കുറിക്കുവാൻ ദൈവം ചിലപ്പോൾ ഒരു രോഗം അനുവദിക്കാം. അത് പാപത്തിന്റെയോ പൈശാചികന്റെയോ പ്രവർത്തിയല്ല, പ്രത്യുത അത് ദൈവീക പദ്ധതിയുടെ നിവർത്തിക്കായുള്ള ഒരു മുഖാന്തിരം മാത്രമാണ്.
2. ആത്മീക ഗുണീകരണത്തിനായുള്ള രോഗം (2 കൊരിന്ത്യർ 12:7-9)
അപ്പൊസ്തലനായ പൗലോസിനു ലഭിച്ച അനേകം വെളിപ്പാടുകൾ കാരണം താൻ അതിരുകടന്ന് നിഗളിച്ചുപോകാതിരിക്കുന്നതിന് ഒരു രോഗം തന്നെ ബാധിച്ചു. സാത്താന്റെ ദൂതന്റെ ഈ കുത്ത് തന്നെ നിഗളത്തിൽ നിന്ന് രക്ഷിക്കുന്നു എന്ന് അപ്പൊസ്തലൻ സമർഥിക്കുന്നു. ഇങ്ങനെ ശിഷ്യന്മാരുടെ ആത്മീക ഗുണീകരണത്തിനായി ദൈവം ഇന്നും രോഗം അനുവദിക്കാറുണ്ട്. ഈ മുള്ള് നീങ്ങുവാൻ അഭിഷിക്തനായ അപ്പൊസ്തലന്റെ പ്രാർത്ഥന പോലും ദൈവം കേട്ടില്ല. പകരം കൃപ മതിയാവുവോളം നൽകുക മാത്രമാണ് ചെയ്തത്. കർത്താവ് നമ്മുടെ ആത്മീക വളർച്ചക്കായി അയക്കുന്ന ഇത്തരം രോഗങ്ങൾ ഇന്നും ഒരു അഭിഷിക്തൻ വിചാരിച്ചാലും സൗഖ്യമാക്കുവാൻ കഴിയില്ല. കാരണം, ഇവിടെ നമ്മുടെ സൗഖ്യമല്ല, ഗുണീകരണമാണ് ദൈവത്തിന്റെ ലക്ഷ്യം.
3. പ്രകൃതി നിയമങ്ങൾ ലംഘിച്ചതിനാലുള്ള രോഗം (1 തിമൊഥെയൊസ് 5:23)
പുരാതനകാലത്തെ ജലസ്രോതസ്സുകൾ പലപ്പോഴും ബാക്ടീരിയകളും പരാദങ്ങളും കൊണ്ട് മലിനമായിരുന്നു. ഇത് രോഗങ്ങൾക്ക്, പ്രത്യേകിച്ച് ഉദര പ്രശ്നങ്ങൾക്ക്, ഒരു കാരണമായിരുന്നു. ആധുനിക ശുചിത്വ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ അക്കാലത്ത് ശുദ്ധീകരിക്കാത്ത വെള്ളം ഉപയോഗിക്കുന്നത് ആരോഗ്യം പണയം വെക്കുന്ന പ്രവർത്തിയായിരുന്നു. ശരീരത്തിന് ആവശ്യമായ ആരോഗ്യമുള്ള ഭക്ഷണവും പാനീയവും നാം നൽകിയില്ലെങ്കിൽ നമുക്ക് രോഗം പിടിക്കുമെന്നത് ഒരു പ്രകൃതി നിയമമാണ്. തന്റെ പഥ്യാഹാരക്രമം തെറ്റിച്ചതു, വിശേഷാൽ ശുദ്ധീകരിക്കാത്ത വെള്ളം മാത്രം കുടിച്ചത്, നിമിത്തമാണ് തിമൊഥെയൊസിനു അജീർണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണവും കടന്നു വന്നത്. അതിനാലാണ് ശുദ്ധീകരിക്കാത്ത വെള്ളത്തിലെ അണുബാധയിൽ നിന്ന് തന്നെ ശൂക്ഷിപ്പാൻ വീഞ്ഞ് ചെറിയ അളവിൽ സേവിക്കുവാൻ അപ്പൊസ്തലൻ അവനോട് നിർദ്ദേശിച്ചത്. നാമും പഥ്യാഹാരക്രമം തെറ്റിച്ചാൽ അല്ലെങ്കിൽ കൃത്യമായി ഉറങ്ങാതിരുന്നാൽ വ്യായാമം ചെയ്യാതിരുന്നാൽ , ശാരീരികമായ പ്രകൃതി നിയമങ്ങൾ ലംഘിച്ചതിനാലുള്ള രോഗം പിടിപ്പെടും. ഇവിടെ സൗഖ്യത്തിനായുള്ള പ്രാർത്ഥനയോടൊപ്പം, അപ്പൊസ്തലൻ പറഞ്ഞത് പോലെ പ്രായോഗിക പ്രതിവിധികളും നാം സ്വീകരിക്കണം.
4. ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിന്നു ബാലശിക്ഷയായുള്ള രോഗം (1 കൊരിന്ത്യർ 11:28-32)
കൊരിന്തിലുള്ള വിശ്വാസികൾ അയോഗ്യമായി കർത്താവിന്റെ മേശയിൽ പങ്കെടുത്തതിനാൽ പലരും ബലഹീനരും രോഗികളും ആവുകയും, അനേകർ മരിക്കുവാനും ഇടയായി എന്ന് അപ്പൊസ്തലൻ നിരീക്ഷിക്കുന്നു. അവർ സ്വയം ശോധന ചെയ്തു അവരെ തന്നെ വിധിക്കാതിരുന്നതിനാൽ അവർക്കു ഈ ശിക്ഷ കടന്നുവന്നു എന്നാണ് അപ്പൊസ്തലന്റെ വാദം. അന്ത്യത്തിൽ "നാം ലോകത്തോടുകൂടെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിന്നു കർത്താവു നമ്മെ ബാലശിക്ഷ കഴിക്കയാകുന്നു" എന്ന് അപ്പൊസ്തലൻ നമ്മെ ഓർമ്മപ്പെടുത്തുന്നു. വചനപ്രകാരം ചിട്ടയായ ആത്മീയ ജീവിതം നയിക്കാത്ത വിശ്വാസികൾ അന്ത്യത്തിൽ ലോകത്തോടുകൂടെ നഷ്ടപ്പെട്ടു പോവാതിരിപ്പാൻ കർത്താവ് ഇന്ന് ചില ബാലശിക്ഷകൾ നൽകും. അതിൽ രോഗവുമുണ്ട്, മരണവുമുണ്ട്. ആകയാൽ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിന്നു ബാലശിക്ഷയായി രോഗം നമ്മുടെ ജീവിതത്തിൽ വരാം. ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ലെങ്കിലും, ദൈവം ബാലശിക്ഷ നൽകി ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിന്നു നമ്മെ സൂക്ഷിക്കുന്നുണ്ടെങ്കിലും, എല്ലാ വിശ്വാസികളും ക്രിസ്തുവിന്റെ ന്യായവിധിയുടെ മുമ്പാകെ നിൽക്കേണ്ടി വരും എന്ന വസ്തുത നാം വിസ്മരിക്കരുത്. "നാം നമ്മെത്തന്നേ വിധിച്ചാൽ വിധിക്കപ്പെടുകയില്ല" (1 കൊരിന്ത്യർ 11:31).
5. വിശ്വാസത്തിന്റെ പരീക്ഷയായുള്ള രോഗം (യാക്കോബ് 1:12; 5:13-16)
വിശ്വാസികളുടെ പരീക്ഷയ്ക്കായി ദൈവം കഷ്ടത അനുവദിക്കാറുണ്ട്. അതിൽ രോഗവും വരും. പരീക്ഷയിൽ എല്ലാത്തിനും ഉപരിയായി ദൈവത്തെ നാം സ്നേഹിച്ചാൽ നാം പരീക്ഷ സഹിക്കുന്ന സഹിഷ്ണുതയുള്ള കൊള്ളാകുന്നവനാകും. വിശ്വാസത്തിന്റെ പരീക്ഷയായ രോഗവുമായി കിടക്കുന്നവർ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന കഴിക്കണമെന്നാണ് കർത്തൃദാസനായ യാക്കോബ് നമ്മോട് കൽപ്പിക്കുന്നത്. കാരണം, "വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്പിക്കും" (യാക്കോബ് 5:15), എന്തെന്നാൽ, "നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു" (യാക്കോബ് 5:16).