എന്താണ് ഉയിർപ്പിന്റെ ഞായറാഴ്ച?
നമ്മുടെ പാപത്തിന്റെ അനന്തരഫലം മരണമായിരിക്കും എന്ന് ആദിയിലെ ദൈവം മനുഷ്യനോട് അരുളിച്ചെയ്തിരുന്നു. മരണം കൊണ്ട് ശാരീരിക മരണം മാത്രമല്ല നിത്യമരണവും ദൈവം ഉദ്ദേശിച്ചിരുന്നു. ദൈവത്തിന്റെ സകല സംസർഗ്ഗത്തിൽ നിന്നും തള്ളപ്പെട്ട് അവന്റെ നിത്യക്രോധം പേറി നിത്യനരഗയാതന സഹിക്കുന്നതാണ് ഈ നിത്യമരണം. പക്ഷേ, ആ മരണത്തിൽ നിന്ന് നമ്മെ രക്ഷിക്കുവാനാണ് യേശു ഭൂജാതനായത്. നമുക്ക് വേണ്ടി ക്രൂശിൽ താൻ ആ ദൈവക്രോധം പരിപൂർണ്ണമായി സഹിച്ചു.
എന്നാൽ, ദൈവത്തിന്റെ രക്ഷാപ്രവർത്തി അവിടെ അവസാനിക്കുന്നില്ല. ക്രൂശിൽ തന്നെത്താൻ മരണത്തിന് ഏൽപിച്ച് കൊടുത്തു എന്ന് മാത്രമല്ല, മൂന്നാം നാൾ അതെ മരണത്തെ ജയിച്ച് യേശു ഉയിർത്തെഴുന്നേറ്റു. അതായത് നമുക്ക് എതിരായ ദൺഡനം പൂർണ്ണമായി താൻ കൊടുത്ത് തീർത്ത് ആ ശിക്ഷയിൽ നിന്ന് പുറത്ത് വന്നു. അതിനാൽ യേശു ഇന്ന് ക്രൂശിക്കപ്പെട്ടിരിക്കുവല്ല, അടക്കപ്പെട്ടിരിക്കുവല്ല, മറിച്ച് അവൻ ഉയിർത്തെഴുന്നേറ്റു, സ്വർഗ്ഗത്തിൽ ദൈവമഹത്വത്തിന്റെ വലത് ഭാഗത്ത് ഇരിക്കുന്നവനായ കർത്തവാകുന്നു. സ്വർഗ്ഗത്തിലും ഭൂമിയിലും എല്ലാ അധികാരവും അവന് നല്കപ്പെട്ടിരിക്കുന്നു.
ക്രൂശിൽ ദൈവത്താൽ ഏറ്റവും നിന്ദിതനായവനിൽ നിന്ന് ഉയർപ്പോടെ ദൈവത്താൽ സകല നാമങ്ങൾക്കും മേലായ നാമം ലഭിച്ച യേശുവിനെപോലെ അവനിൽ വിശ്വസിക്കുന്നവരും അവനോടുള്ള ഐക്യത്തിൽ എല്ലാ ശിക്ഷാവിധിയിൽ നിന്നും രക്ഷിക്കപ്പെട്ട് സൗജന്യമായ നീതീകരണം ദൈവസന്നിധിയിൽ പ്രാപിക്കുന്നു. ക്രൂശിൽ ദൈവത്താൽ കൈവിട്ടവനായതിൽ നിന്ന് യേശു ഉയർപ്പിൽ ദൈവത്താൽ മാനിക്കപ്പെട്ടവനായത് പോലെ വിശ്വാസത്താൽ അവന്റെ വകയായിത്തീർന്നവർ ദൈവക്രോധത്തിൽ നിന്ന് ദൈവപ്രസാദത്തിലേക്ക് സൗജന്യമായി കടക്കുന്നു. യേശു കല്ലറയിൽ നിന്ന് പുറത്ത് വന്നപ്പോൾ അവരും നിത്യമരണത്തിൽ നിന്ന് പുറത്ത് വന്നു. അതുകൊണ്ട് ഇനി ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല. നിത്യദൺഡനത്തിന് യോഗ്യനായ പാപി എന്നതിന് പകരം നീതികരിക്കപ്പെട്ട ദൈവമക്കൾ എന്നതാക്കുന്നു അവരുടെ മേലെഴുത്ത്.
മാത്രമല്ല, യേശുവിൽ വിശ്വസിക്കുന്ന ഏവർക്കും ഇന്ന് പാപക്ഷമയോടൊപ്പം അവന്റെ ഉയിർപ്പിന്റെ പങ്കാളികളായി യേശുവിന് പാപത്തിന്റെയും മരണത്തിന്റെയും അധീനതയിൽ നിന്നുള്ള അതെ സ്വാതന്ത്ര്യം പരിശുദ്ധാത്മാവിനാൽ അവരുടെ പ്രായോഗിക ജീവിതത്തിലും രുചിച്ചറിയാം. അങ്ങനെ യേശുവിൽ വിശ്വസിച്ചവർക്ക് ദൈവത്തെ ശരിയായി ആരാധിച്ചും, അനുസരിച്ചും, അനുഗമിച്ചും കൊണ്ട് ദൈവമഹത്വം ഉളവാക്കുന്ന നല്ല ഒരു ജീവിതം നയിക്കാം. ഇത്ര വലിയ രക്ഷ സമ്മാനിച്ച ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.
"യേശു നമ്മുടെ ലംഘനങ്ങൾനിമിത്തം മരണത്തിനായി ഏൽപ്പിക്കപ്പെടുകയും നമ്മുടെ നീതീകരണത്തിനായി ഉയിർപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നല്ലോ" - റോമർ 4:25.
"ആത്മാവിന്റെ പ്രമാണമായ ക്രിസ്തുയേശുവിലുള്ള ജീവൻ എനിക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു" - റോമർ 8:2.
"യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും" - റോമർ 8:11.